ലോകത്തിലെ ഏറ്റവും വലിയ ഫോർ വീൽ ഡ്രൈവ് പരേഡ് സംഘടിപ്പിച്ചതിനുള്ള ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഹാഇൽ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഅദ് ഏറ്റുവാങ്ങുന്നു

ലോക റെക്കോഡ് തിരുത്തി ഹാഇൽ; ലോകത്തിലെ ഏറ്റവും വലിയ ഫോർ വീൽ ഡ്രൈവ് പരേഡ്

ഹാഇൽ: സൗദി അറേബ്യയിലെ മരുഭൂമിയിൽ വിസ്മയം തീർത്ത് ഹാഇൽ പ്രവിശ്യ ഗിന്നസ് ബുക്കിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ ഫോർ വീൽ ഡ്രൈവ് വാഹന പരേഡ് സംഘടിപ്പിച്ചാണ് ഹാഇൽ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. പ്രവിശ്യാ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഅദ് ബിൻ അബ്ദുൽ അസീസിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങ്.

പരേഡിൽ 501 ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പങ്കെടുത്തു. വടക്കുപടിഞ്ഞാറൻ ഹാഇലിലെ ചരിത്രപ്രസിദ്ധമായ തുവാരൻ മരുഭൂമിയിലൂടെ ഏഴ് കിലോമീറ്റർ ദൂരത്തിലാണ് പരേഡ് നടന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ നിർദേശിച്ച എല്ലാ നിബന്ധനകളും കൃത്യമായി പാലിച്ചുകൊണ്ടുള്ളതായിരുന്നു പരേഡ്.

സൗദി ടൂറിസം അതോറിറ്റി, ഹാഇൽ ഡെവലപ്‌മെൻറ് അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 14 സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്. കൃത്യമായ ജി.പി.എസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനങ്ങളുടെ നീക്കം നിരീക്ഷിച്ചത്. നിശ്ചയിച്ച റൂട്ടിൽ ഒരിടത്തും തടസ്സമില്ലാതെയും നിർത്താതെയുമാണ് പരേഡ് പൂർത്തിയാക്കിയത്.

‘മേഖലയിലെ യുവാക്കളുടെ വിജയമാണിത്. രാജ്യത്തിന്റെ വികസനത്തിന് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പിന്തുണയുടെ ഫലമായാണ് ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാകുന്നത് -ഹാഇൽ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഅദ് പറഞ്ഞു.

ടൂറിസം ഭൂപടത്തിൽ ഹാഇൽ

ഹാഇൽ മേഖലയെ ഒരു ആഗോള ശൈത്യകാല ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഹാഇൽ വികസന അതോറിറ്റി സി.ഇ.ഒ ഉമർ ബിൻ അബ്ദുല്ല വ്യക്തമാക്കി. ചരിത്രപുരുഷനായ ഹാതിം അൽതാഇയുടെ കഥകളുറങ്ങുന്ന വാദി അജ, തുവാരൻ ഗ്രാമം എന്നിവിടങ്ങളിലൂടെയുള്ള ഈ യാത്ര ഹാഇലിെൻറ പ്രകൃതിഭംഗിയും സാഹസിക ടൂറിസം സാധ്യതകളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതായിരുന്നു.

സൗദി അറേബ്യയുടെ ആഭ്യന്തര ടൂറിസത്തെയും സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നതിനും, ലോകോത്തര പരിപാടികൾ സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ മികവ് തെളിയിക്കുന്നതിനും ഈ ഗിന്നസ് റെക്കോർഡ് നേട്ടം വഴിത്തിരിവാകും.

Tags:    
News Summary - Hail breaks world record; world's largest four-wheel drive parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.