1996 മേയിലാണ് റിയാദിലെ വ്യവസായിയായ ഡോ. ഖാലിദ് അബു അൽ സഉൗദിെൻറ അസിസ്റ്റൻറായി ജോലിക്ക് വേണ്ടിയുള്ള കൂടിക്കാഴ്ച നടന്നത്. അന്ന് അദ്ദേഹത്തിെൻറ ഓഫിസ് റിയാദ് ഉലയയിലെ കമ്പ്യൂട്ടർ മാർക്കറ്റിലായിരുന്നു. പലരും പറഞ്ഞു അത് വേണ്ടാന്ന്... അദ്ദേഹം വലിയ ചൂടനാണ്, ആരും രണ്ടു മാസത്തിൽ കൂടുതൽ കൂടെനിൽക്കില്ല എന്നൊക്കെ... വളരെ തുച്ഛമായ ശമ്പളത്തിന് ഒന്നരവർഷത്തോളം മൂന്ന് കമ്പനിയിൽ മാറിമാറി ജോലിചെയ്തശേഷം ആശ്വാസമായി മോശമല്ലാത്ത വേതനത്തിന് കിട്ടിയ ഈ ജോലികളയാൻ തോന്നിയില്ല.
രണ്ടും കൽപിച്ചു കൂടിക്കാഴ്ചക്ക് പോയി... പറഞ്ഞതുപോലെ ചോദ്യങ്ങൾ അസ്ത്രംപോലെ മുന്നിലേക്ക് വന്നപ്പോൾ അൽപം പതറിയെങ്കിലും പിടിച്ചുനിന്നു. ജോലിക്ക് ക്ഷണക്കത്ത് വന്ന് ജോലി തുടങ്ങി... കമ്പനിയുടെ കീഴിൽ റിയാദിലും ജിദ്ദയിലും ക്ലിനിക്കുകളും ആശുപത്രികളുമുണ്ടായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് മറ്റ് ബിസിനസുകളും ഉണ്ടായിരുന്നു.
രാവിലെ എട്ട് മണിക്കായിരുന്നു ഞാൻ ജോലിക്ക് ഹാജരാകേണ്ടത്. അദ്ദേഹം ഒമ്പതരയോടെ വോൾവോ 850 കാറിൽ വന്നിറങ്ങും. പാർക്കിങ്ങിൽ എത്തുന്നതിന് 10 മിനിറ്റ് മുമ്പ് എന്നെ വിളിക്കും. ഇൗയൊരു ദിനചര്യയിൽ ജോലി തുടർന്നു.
റിപ്പോർട്ട് തയാറാക്കൽ, ലെറ്റർ ഡ്രാഫ്റ്റിങ് അങ്ങനെ ഒരു പേഴ്സനൽ അസിസ്റ്റൻറ് ചെയ്യേണ്ട പലതരം ജോലികൾ... ഒരുദിവസം വന്ന ഉടനെ എന്നെ വിളിച്ച് ഒരു പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു: ജോലി ഒക്കെ എങ്ങനെ? മറുപടിക്ക് കാത്തുനിൽക്കാതെ അടുത്ത ചോദ്യം: ഡ്രൈവിങ് അറിയാമോ? അധികമായി മാർക്കറ്റിങ് ജോലികൂടി ചെയ്യാൻ താൽപര്യമുണ്ടോ? ഞാൻ ഒാക്കെ പറഞ്ഞു. അങ്ങനെ ആ അധിക ജോലിയിലും ഞാൻ ഏർപ്പെട്ടു.
രാവിലെയും വൈകീട്ടും മൂന്ന് മണിക്കൂർ വീതം... അത് നല്ല വരുമാനം എനിക്ക് നേടിത്തന്നു. കാലം പോകെ, അദ്ദേഹവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലായി. പേരിെൻറ കൂടെ 'ഹബീബ്' എന്ന് കൂട്ടിച്ചേർക്കാൻ തുടങ്ങി. അതിനിടെ അദ്ദേഹത്തിന് ജർമനിയിൽ രണ്ടാഴ്ചത്തേക്ക് കുടുംബ സഹിതം പോകേണ്ടിവന്നു. പോകുമ്പോൾ കാർ പാർക്കിങ്ങിൽ വെച്ച് താക്കോൽ എന്നെ ഏൽപിച്ചു. വരുന്നതിന് രണ്ട് ദിവസം മുമ്പ് ഡ്രൈവർക്ക് കൊടുത്ത് സർവിസ് ചെയ്യാൻ.
അദ്ദേഹം പോയി മൂന്നാം നാൾ എനിക്ക് ഒരു മോഹം അദ്ദേഹത്തിെൻറ വോൾവോ കാർ ഒന്നോടിക്കാൻ... വൈകീട്ട് അഞ്ചിന് പാർക്കിങ്ങിൽ പോയി കാർ സ്റ്റാർട്ട് ആക്കി മുന്നോട്ട് കുതിച്ചു. ഓൾഡ് എയർപോർട്ട് റോഡിൽ ചുവന്ന സിഗ്നലിൽ നിന്നു, പച്ച സിഗ്നൽ തെളിഞ്ഞപ്പോൾ കാർ മുന്നോട്ട് എടുത്തു. അത് മാത്രമേ ഒാർമയുള്ളൂ, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പ് അത് സംഭവിച്ചുകഴിഞ്ഞിരുന്നു.
എതിരിൽനിന്ന് ഒരു ടൊയോട്ട ലാൻഡ് ക്രൂയ്സർ കാർ വന്ന് ഇടിച്ചുതെറിപ്പിച്ചു... അതിഭയങ്കരമായ അപകടം. രണ്ട് കാറുകളും തവിടുപൊടിയായി. കാറുകളിലുണ്ടായിരുന്നവർ രക്ഷപ്പെെട്ടന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത അത്ര ഭയാനകമായ അപകടം. മരണം സംഭവിക്കാതെ ഞാനെങ്ങനെ രക്ഷപ്പെട്ടു എന്ന് ആ അപകടദൃശ്യം കണ്ടവരൊക്കെ ചോദിച്ചുപോയി. ജീവിതത്തിലെ ഏറ്റവും ഭയാനകമായ ദിവസമായിരുന്നു അത്. ഒരിക്കലും മറക്കാനാകാത്ത ദിവസം.
തെറ്റ് തേൻറതല്ലെന്ന് അറിയാമെങ്കിലും സംഭവം എന്നെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹം വിശ്വസിച്ച് ഏൽപിച്ചുപോയ കാറാണ്. അതാണിങ്ങനെ അപകടത്തിൽപെട്ട് തവിടുപൊടിയായി കിടക്കുന്നത്. എന്തായാലും ധൈര്യം സംഭരിച്ച് ഞാൻ അദ്ദേഹം താമസിക്കുന്ന ജർമനിയിലെ ഹോട്ടൽ നമ്പറിൽ വിളിച്ച് കാര്യം പറഞ്ഞു. എെൻറ ഹൃദയം പടപടാ ഇടിക്കുന്നുണ്ടായിരുന്നു. എന്നാൽ, അത്ഭുതകരമായി അദ്ദേഹത്തിെൻറ പ്രതികരണം: 'നീ ബേജാറാവേണ്ട, ചോദിക്കാതെ വണ്ടി എടുത്തത് ശരിയായില്ല. അതിൽ എനിക്ക് നിന്നോട് ദേഷ്യമുണ്ട്, പക്ഷേ, അപകടത്തെ ഒാർത്ത് നീ വിഷമിക്കണ്ട.
ആരെയും വിളിച്ചറിയിക്കാതെയാണല്ലോ അപകടം സംഭവിക്കുക. അത് നിെൻറ കുറ്റമല്ല... സാരമില്ല, കാർ അവിടെനിന്ന് എടുക്കാനും കേസും മറ്റ് അനന്തര നടപടികളും നോക്കാനും കമ്പനി അഡ്മിനിസ്ട്രേഷനിലെ സൗദി ഉദ്യോഗസ്ഥൻ അലിയെ വിളിച്ചുപറയാം' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ ഏറെ ആശ്വസിപ്പിക്കുകയും ചെയ്തു. എെൻറ ജീവിതം അവിടെ അവസാനിച്ചു എന്ന് കരുതിനിന്നപ്പോഴാണ് അദ്ദേഹത്തിെൻറ ഇൗ ആശ്വാസ വാക്കുകൾ... അദ്ദേഹവും കുടുംബവും തിരികെ വരുന്നദിവസം അദ്ദേഹത്തെ അറിയിക്കാതെ ഞാൻ റിയാദ് എയർപോർട്ടിൽ പോയി വരവേൽക്കാൻ കാത്തുനിന്നു.
വി.ഐ.പി ലോഞ്ചിലൂടെ അദ്ദേഹവും കുടുംബവും കടന്നുവന്നപ്പോൾ എന്നെ കണ്ട ഉടനെ കെട്ടിപ്പിടിച്ചു.. എന്നിട്ടദ്ദേഹം മന്ത്രിക്കും പോലെ പറഞ്ഞു: 'നീ എെൻറ ബ്രദറാണ്, ഹബീബ്...' എെൻറ രണ്ട് കണ്ണും നിറഞ്ഞുകവിഞ്ഞു.
മുസ്തഫ കവ്വായി, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.