ജിദ്ദ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘സോക്കർ കപ്പ് 2025’ സീസൺ മൂന്ന് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇന്നും നാളെയുമായി ജിദ്ദയിൽ നടക്കും. ജിദ്ദ ഖാലിദ് ബിൻ വലീദ് റുസൂഖ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിയോടെ ആദ്യ മത്സരം ആരംഭിക്കും. ജൂനിയർ, സീനിയർ, വെറ്ററൻസ് വിഭാഗങ്ങളിലായി 16 പ്രമുഖ ടീമുകളാണ് മത്സരത്തിൽ ബൂട്ടണിയുന്നത്.
ഡോ. അബ്ദുൽ ഇലാഹ് മുഅമിന, കമലേഷ് കുമാർ മീണ
ടൂർണമെന്റിൽ ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ് കമ്മിറ്റി ചെയർമാനും അൽ അഹ്ലി ക്ലബ് മുൻ പ്രസിഡന്റുമായ ഡോ. അബ്ദുൽ ഇലാഹ് മുഅമിന, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ലേബർ ആൻഡ് കമ്മ്യൂണിറ്റി വെൽഫെയർ കോൺസൽ കമലേഷ് കുമാർ മീണ എന്നിവർ മുഖ്യാതിഥികളാവും. ജൂനിയർ വിഭാഗത്തിൽ അമിഗോസ് എഫ്.സി, ടാലന്റ് ടീൻസ്, ജെ.എസ്.സി, സോക്കർ ഫ്രീക്സ് എന്നീ ടീമുകളും സീനിയർ വിഭാഗത്തിൽ ജീപാസ് എഫ്.സി, പി.എം പൈപ്പിങ് ജെ.എസ്.സി, കംഫർട്ട് ട്രാവൽസ് റീം എഫ്.സി, ബിറ്റ് ബോൾട്ട് എഫ്.സി, വിജയ് മസാല ബി.എഫ്.സി ജിദ്ദ, ടെക്സോ പാക്ക് എഫ്.സി, ലൈലത്തി എഫ്.സി, ആർ മാക്സ് ഡിഫൻസ് ജിദ്ദ എന്നീ ടീമുകളും വെറ്ററൻസ് വിഭാഗത്തിൽ ഹീറോസ് എഫ്.സി, അമിഗോസ് എഫ്.സി ഫൈസലിയ, വിജയ് മസാല ടീം വൈബ്, സമ യുനൈറ്റഡ് എഫ്.സി എന്നീ ടീമുകളും മാറ്റുരക്കും. മുൻ സന്തോഷ് ട്രോഫി, യൂനിവേഴ്സിറ്റി താരങ്ങളുൾപ്പെടെ സിഫിന്റെ മുൻനിര കളിക്കാർ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും.
ഇന്ന് രാത്രി 7.30ന് നടക്കുന്ന ആദ്യ ജൂനിയർ മത്സരത്തിൽ ടാലന്റ് ടീൻസ്, സോക്കർ ഫ്രീക്സ് എന്നീ ടീമുകൾ ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ അമിഗോസ് എഫ്.സി, ജെ.എസ്.സിയുമായി ഏറ്റുമുട്ടും. സീനിയർ വിഭാഗം ആദ്യ മത്സരത്തിൽ ഇന്ന് രാത്രി ഒമ്പത് മണിക്ക് ജീപാസ് എഫ്.സി, പി.എം പൈപ്പിങ് ജെ.എസ്.സിയുമായി ഏറ്റുമുട്ടും. 9.45ന് കംഫർട്ട് ട്രാവൽസ് റീം എഫ്.സി, ബിറ്റ് ബോൾട്ട് എഫ്.സി ടീമുകളും 11 മണിക്ക് വിജയ് മസാല ബി.എഫ്.സി ജിദ്ദ, ടെക്സോ പാക്ക് എഫ്.സിയും 11.45ന് ലൈലത്തി എഫ്.സി, ആർ മാക്സ് ഡിഫൻസ് ജിദ്ദയും ഏറ്റുമുട്ടും.
ഹീറോസ് എഫ്.സി, അമിഗോസ് എഫ്.സി ഫൈസലിയ എന്നിവർ തമ്മിലുള്ള ആദ്യ വെറ്ററൻസ് വിഭാഗം മത്സരം ഇന്ന് രാത്രി 10.25ന് നടക്കും.നാളെ വൈകീട്ട് ഏഴ് മണിക്കായിരിക്കും ആദ്യ മത്സരം. ആവേശകരമായ ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കുന്നതിന് മുഴുവൻ കാൽപന്ത് കളി പ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി ‘ഗൾഫ് മാധ്യമം’ മാനേജ്മെന്റ് അറിയിച്ചു.
ടൂർണമെന്റ് നടക്കുന്ന റസൂഖ് സ്റ്റേഡിയം ലൊക്കേഷൻ: Rusooq Stadium - Khalid bin Waleed Street, Jeddah
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.