സൗദിയിൽ സന്തോഷ വാർത്ത; തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക വിസയിലേക്ക് മാറാം

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസയിലേക്ക്) സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതി​െൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണം. കൂടാതെ, 100 ശതമാനം സൗദിവത്കരിച്ച തസ്തികകളിലോ വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ആരോഗ്യം, മറ്റ് സ്പെഷ്യലിസ്​റ്റ്​ ജോലികൾ തുടങ്ങിയ ഉയർന്ന പദവികളിലോ ഉള്ളവർക്ക് ഈ മാറ്റത്തിന് അർഹതയുണ്ടായിരിക്കില്ല. തൊഴിലാളി മാറാൻ ഉദ്ദേശിക്കുന്ന ജോലി ഗാർഹിക തൊഴിലുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതായിരിക്കണമെന്നും മന്ത്രാലയം നിബന്ധന വെച്ചിട്ടുണ്ട്.

അപേക്ഷ പൂർത്തിയാക്കുന്നതിന് മുൻ തൊഴിലുടമ ചേംബർ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് വിടുതൽ കത്ത് (തനാസുൽ), പുതിയ തൊഴിലുടമയുടെ ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സാമ്പത്തിക സ്ഥിരത തെളിയിക്കുന്ന ബാങ്ക് സർട്ടിഫിക്കറ്റ്, തൊഴിലാളിയുടെ ഒപ്പും വിരലടയാളവും അടങ്ങിയ ഇഖാമയുടെ പകർപ്പ് എന്നിവ ആവശ്യമാണ്.

ഒപ്പം, പുതിയ തൊഴിലുടമയുടെ പേര്, ഐഡി നമ്പർ, ആവശ്യമായ ഗാർഹിക തൊഴിൽ ഏതാണെന്ന വിവരവും രേഖപ്പെടുത്തേണ്ടതുണ്ട്. സമർപ്പിക്കുന്ന രേഖകൾ പി.ഡി.എഫ്​, ജെ.പി.ജി, ജെ.പി.ഇ.ജി, പി.എൻ.ജി എന്നീ ഫോർമാറ്റുകളിൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളൂ എന്നും, ഒരു ഫയലി​െൻറ വലിപ്പം മൂന്ന്​ മെഗാബൈറ്റിൽ കവിയരുതെന്നും അധികൃതർ വ്യക്തമാക്കി.

ഗാർഹിക തൊഴിലാളികളുടെ തൊഴിലുടമകൾ വേതന സംരക്ഷണ പദ്ധതി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായിക്കൂടിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. അംഗീകൃത മാർഗങ്ങളിലൂടെ ശമ്പള വിതരണം രേഖപ്പെടുത്താനും, തൊഴിൽ കരാറിലെ ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും, തൊഴിൽ വിപണിയിലെ സുതാര്യത വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

അതേസമയം, സൗദി പൗരന്മാർക്ക് നാലിൽ അധികവും പ്രവാസികൾക്ക് രണ്ടിൽ അധികവും എന്ന അനുവദിക്കപ്പെട്ട പരിധിയേക്കാൾ കൂടുതൽ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ, പരിധിക്ക് മുകളിലുള്ള ഓരോ തൊഴിലാളിക്കും വാർഷിക ഫീസായി 9,600 റിയാൽ ഈടാക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. എന്നാൽ ഭിന്നശേഷിക്കാരും ഗുരുതരമായ രോഗങ്ങളുള്ളവരും ഉൾപ്പെടെയുള്ള മാനുഷിക പരിഗണന അർഹിക്കുന്ന കേസുകളെ ഈ അധിക ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - Good news in Saudi Arabia; You can switch from employment agencies to domestic visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.