റിയാദിൽ നടന്ന ആഗോള തൊഴിൽ വിപണി സമ്മേളനം
റിയാദ്: റിയാദ് ആസ്ഥാനമായി ആഗോള തൊഴിൽ വിപണി അക്കാദമി ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി പറഞ്ഞു.
യുവജനങ്ങളെ പരിശീലിപ്പിക്കുന്നതിനാണ് ഇത്. യുവജനങ്ങൾക്ക് തൊഴിലവസരങ്ങളുണ്ടാക്കാൻ സൗദി നിരവധി സംരംഭങ്ങൾ നടപ്പാക്കുന്നുണ്ട്.
തൊഴിൽ വിപണി തന്ത്രം ആരംഭിക്കുന്നത് ഉൾപ്പെടെ 80ശതമാനം സംരംഭങ്ങൾ ഇതുവരെ പൂർത്തീകരിച്ചു. തൊഴിൽ വിപണിയിൽ സ്ത്രീപങ്കാളിത്തം വർധിപ്പിക്കുന്നതിനും ഇത് സഹായിച്ചു. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിന് തൊഴിലധിഷ്ഠിത പരിശീലനം സഹായിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്വകാര്യ മേഖലയിൽ സൗദികൾക്കായി 700,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു.
തൊഴിലില്ലായ്മയുടെ വെല്ലുവിളികൾ ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണ്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ജോലിക്ക് പുതിയ അവസരങ്ങളുണ്ട്. തൊഴിൽ വിപണിയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സമഗ്രമായ പദ്ധതികൾ അടിയന്തരമായി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വിപണികളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഒരു അന്താരാഷ്ട്ര വേദിയായി സൗദി മുൻകൈയിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ആഗോള തൊഴിൽ വിപണി സമ്മേളനം മാറിക്കഴിഞ്ഞു.
ദ്രുതഗതിയിലുള്ള സാങ്കേതിക വികാസങ്ങൾ, അടിസ്ഥാന ജനസംഖ്യാപരമായ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടൽ തുടങ്ങിയ ഉയർന്നുവരുന്ന പ്രശ്നങ്ങളെ ലോകത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നു. ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിൽ സജീവവും ധീരവുമായ നടപടികൾ സ്വീകരിക്കുന്നതിന് ഇതുപോലൊരു സമ്മേളനം ആവശ്യമാണ്.
ആഗോളതലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങളുടെ എണ്ണം ഏകദേശം 67 ദശലക്ഷമാണ്. 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ 20 ശതമാനം പേരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പരിശീലന പരിപാടികളിലോ ജോലി ചെയ്യുകയോ പങ്കെടുക്കുകയോ ചെയ്യുന്നില്ല.
ലോകത്തെ ചില പ്രദേശങ്ങളിൽ യുവാക്കളുടെ തൊഴിലില്ലായ്മ 30 ശതമാനം കവിയുന്നതിനാൽ തൊഴിൽ വിപണിയുടെ ആവശ്യകതക്ക് അനുസൃതമായി തൊഴിലാളികളുടെ ശേഷിയുടെ കാര്യത്തിൽ പൊരുത്തക്കേടുണ്ട്. അതിനാൽ 40 ശതമാനം തൊഴിലുടമകളും ഒഴിവുള്ള തസ്തികകൾ നികത്താൻ ബുദ്ധിമുട്ടുന്നു.
‘സൗദി വിഷൻ 2030’ന്റെ കുടക്കീഴിൽ രാജ്യം തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ പരിവർത്തനം ഉത്തേജിപ്പിക്കുന്നതിനുമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശീലന പരിപാടികളും നിയമനിർമാണ സംരംഭങ്ങളും രാജ്യത്തെ യുവജന വികസന തന്ത്രത്തിന്റെ സമാരംഭവും സഹകരണ പരിശീലന നയവും അതിലുൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.