ദേശീയ നഗര പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തിയ പൈതൃക കേന്ദ്രങ്ങൾ
യാംബു: സൗദി അറേബ്യയുടെ സാംസ്കാരിക സമ്പന്നത വിളിച്ചോതുന്ന 1,414 പുരാവസ്തു-ചരിത്ര കേന്ദ്രങ്ങളെ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തിയതായി ഹെറിറ്റേജ് കമീഷൻ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രങ്ങൾ സൗദിയുടെ സാംസ്കാരിക വൈവിധ്യത്തെയും ചരിത്രപരമായ പ്രാധാന്യത്തെയുമാണ് അടയാളപ്പെടുത്തുന്നത്. പുതുതായി അംഗീകരിക്കപ്പെട്ട പട്ടികയിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് റിയാദ് മേഖലയിൽ നിന്നാണ്; 525 ഇടങ്ങളാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് മേഖലകളിലെ കണക്കുകൾ ഇപ്രകാരമാണ്: മക്ക (378), അൽ ജൗഫ് (283), ഹാഇൽ (68), അൽ ഖസീം (64), ജിസാൻ (34). കിഴക്കൻ പ്രവിശ്യയിലും തബൂക്കിലും 17 വീതം കേന്ദ്രങ്ങളും, അസീറിൽ 10, മദീനയിൽ ആറ്, വടക്കൻ അതിർത്തി മേഖലയിലും നജ്റാനിലും അഞ്ച് വീതം, അൽ ബാഹയിൽ രണ്ട് എന്നിങ്ങനെയാണ് പൈതൃക പട്ടികയിൽ പുതുതായി ഇടംപിടിച്ച മറ്റ് സ്ഥലങ്ങൾ.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തുകയും പൈതൃക ചട്ടങ്ങൾ പാലിച്ച് കമീഷൻ സി.ഇ.ഒയുടെ നേതൃത്വത്തിൽ വിലയിരുത്തുകയും ചെയ്ത ശേഷമാണ് ഈ കേന്ദ്രങ്ങളെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നത്. പൈതൃക സ്ഥലങ്ങൾ കയ്യേറ്റങ്ങളിൽ നിന്നും അവഗണനയിൽ നിന്നും സംരക്ഷിക്കുക, ഭാവി തലമുറയ്ക്കായി ചരിത്രസ്മാരകങ്ങൾ കരുതിവെക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. സാംസ്കാരിക കേന്ദ്രങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണിത്.
ഇതിനായി ഡിജിറ്റൽ ഭൂപടങ്ങൾ തയ്യാറാക്കുന്നതിനൊപ്പം ഫോട്ടോഗ്രാഫിക് ആർക്കൈവുകൾ ഉൾപ്പെടെയുള്ള സമഗ്രമായ ഡാറ്റാബേസ് നിർമിക്കാനുള്ള നടപടികളും അധികൃതർ പൂർത്തിയാക്കും. പൈതൃക സ്ഥലങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും ചരിത്രാന്വേഷികൾക്കും സന്ദർശകർക്കും ഈ നീക്കം ഏറെ പ്രയോജനകരമാകുമെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.