മക്കയിൽ ചേർന്നന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം നേതാക്കൾ
മക്ക: ഫലസ്തീനികളെ അവരുടെ രാജ്യത്തുനിന്ന് കുടിയിറക്കാനുള്ള ഏതൊരു ശ്രമത്തെയും ഭീഷണിയെയും തള്ളിക്കളയുന്നുവെന്ന നിലപാട് ആവർത്തിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) മന്ത്രിതല യോഗം. മക്കയിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 163ാമത് യോഗം ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി.സി.സി മന്ത്രിതലസമിതി ചെയർമാനുമായ അബ്ദുല്ല അൽയഹ്‌യ യോഗത്തിന് നേതൃത്വം നൽകി. ഗസ്സ മുനമ്പിലെയും അതിന്‍റെ ചുറ്റുപാടുകളിലെയും സഹോദരങ്ങളായ ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുമെന്ന് യോഗം ആവർത്തിച്ചു. ഗസ്സ മുനമ്പിൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുക, ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുക, ഗസ്സ നിവാസികൾക്ക് മാനുഷികവും ദുരിതാശ്വാസ സഹായവും അടിസ്ഥാന ആവശ്യങ്ങളും സുരക്ഷിതമായി ലഭ്യമാക്കുക, സിവിലിയന്മാരെ സംരക്ഷിക്കുക, അവരെ ലക്ഷ്യംവെക്കുന്നതിൽനിന്ന് വിട്ടുനിൽക്കുക, യാതൊരു വിവേചനവും കാട്ടാതെ അന്താരാഷ്ട്ര കരാറുകളും പ്രമേയങ്ങളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്ന അന്തിമ പ്രസ്താവനയും യോഗാനന്തരം പുറത്തുവിട്ടു.
മാർച്ച് നാലിന് കെയ്‌റോയിൽ നടന്ന അസാധാരണ അറബ് ഉച്ചകോടി (ഫലസ്തീൻ ഉച്ചകോടി) യുടെ ഫലങ്ങളെ മന്ത്രിതല സമിതി പ്രശംസിച്ചു. മേഖല നേരിടുന്ന വെല്ലുവിളികളുടെ വെളിച്ചത്തിലാണ് ഈ യോഗമെന്നും ഫലസ്തീനികളെ കുടിയിറക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കാനുള്ള ഞങ്ങളുടെ നിലപാട് ആവർത്തിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രി പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും മേഖല നേരിടുന്ന ഭീഷണികളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനുമുള്ള ആഗ്രഹം ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചു. ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ലംഘനങ്ങൾ അവരുടെ വ്യക്തിത്വത്തിനും അവകാശങ്ങൾക്കും ഭീഷണിയാണെന്ന് അറബ്, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. ഇത് തീർത്തും നിരസിക്കുന്നു. സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഈ ലംഘനങ്ങൾ അവസാനിപ്പിക്കാനും അതിന്‍റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഈജിപ്ത്, സിറിയ, മൊറോക്കോ, ജോർഡൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംയുക്ത മന്ത്രിതല യോഗങ്ങൾക്കും മക്ക ആതിഥേയത്വം വഹിച്ചു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും ഈജിപ്തും തമ്മിലുള്ള ശക്തമായ സഹകരണ ബന്ധങ്ങളും വിവിധ മേഖലകളിൽ അവയെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും അവലോകനം ചെയ്തു. സിറിയൻ ജനതയെ മാനുഷികവും സാമ്പത്തികവുമായ തലങ്ങളിൽ പിന്തുണക്കുന്നതിനും ഈ സുപ്രധാന ഘട്ടത്തിൽ അവർക്ക് സഹായവും പിന്തുണയും നൽകുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു.
സിറിയയുടെ സുരക്ഷക്കും സ്ഥിരതക്കും പ്രാദേശിക അഖണ്ഡതക്കും പിന്തുണ നൽകുന്ന ജി.സി.സി രാജ്യങ്ങളുടെ നിലപാട് ഊന്നിപ്പറയുകയും ചെയ്തു. മന്ത്രിതല, സാങ്കേതിക സമിതികളും ജനറൽ സെക്രട്ടേറിയറ്റും സമർപ്പിച്ച മെമ്മോറാണ്ടങ്ങളും റിപ്പോർട്ടുകളും മേഖലയിൽ നടക്കുന്ന ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ജി.സി.സി രാജ്യങ്ങളും ആഗോള രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങളും ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.