ജിദ്ദ: കപ്പലുകൾക്ക് ഇന്ധനം നിറക്കുന്നതിനുള്ള സൗദിയിലെ ആദ്യത്തെ ഫ്ലോട്ടിങ് സ്റ്റോറേജ് യൂനിറ്റ് (എഫ്.എസ്.യു) ജിദ്ദ ഇസ് ലാമിക് പോർട്ടിൽ പ്രവർത്തനമാരംഭിച്ചു.സൗദി പോർട്ട്സ് അതോറിറ്റി (മവാനി), മിനർവ സൗദി അറേബ്യ എന്നിവ സംയുക്തമായി ആരംഭിച്ച ഈ സംരംഭം സൗദിയുടെ സമുദ്ര സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. 1,13,000 ക്യുബിക് മീറ്റർ വരെ ഇന്ധനം സംഭരിക്കാൻ ഈ യൂനിറ്റിന് കഴിയും. കപ്പലുകൾക്ക് ആവശ്യമായ മൂന്ന് പ്രധാന ഇന്ധനങ്ങളായ വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (വി.എൽ.എസ്.എഫ്.ഒ), ഹൈ സൾഫർ ഫ്യുവൽ ഓയിൽ (എച്ച്.എസ്.എഫ്.ഒ), മറൈൻ ഗ്യാസ് ഓയിൽ (എം.ജി.ഒ) എന്നിവ ഇവിടെ ലഭ്യമാണ്.
ചെങ്കടലിലെ സമുദ്ര ഇന്ധന വിതരണ ശൃംഖലയിൽ ഇത് ഒരു വലിയ മാറ്റം കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പലുകൾക്ക് ഇന്ധനം വേഗത്തിൽ ലോഡ് ചെയ്യാനും അതുവഴി ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ഈ യൂനിറ്റ് സഹായിക്കും.
സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രം അനുസരിച്ച് രാജ്യത്തിന്റെ സമുദ്ര മേഖലയെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഊർജ മന്ത്രാലയം, സകാത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി, ജനറൽ അതോറിറ്റി ഓഫ് ട്രാൻസ്പോർട്ട് എന്നിവയുടെ പിന്തുണയോടെയാണ് ഇത് നടപ്പിലാക്കിയത്. മിനർവ സൗദി അറേബ്യയുടെ നൂതനമായ ഡിജിറ്റൽ പ്ലാറ്റ്ഫോം (എ.ഡി.പി ടെക്നോളജി) വഴി കപ്പലുകൾക്ക് ഇന്ധനം വിതരണം ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇത് ഉയർന്ന പ്രവർത്തനക്ഷമതയും, കൃത്യമായ അളവും, സേവനത്തിന്റെ പൂർണമായ സുതാര്യതയും ഉറപ്പാക്കുന്നു.
പുതിയ ഫ്ലോട്ടിംങ് സ്റ്റോറേജ് യൂനിറ്റ് ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് വേഗത്തിലും എളുപ്പത്തിലും ഇന്ധനം ലഭ്യമാക്കാൻ സഹായിക്കുകയും സൗദിയുടെ ലോജിസ്റ്റിക്സ്, കപ്പൽ ഗതാഗത മേഖലകളിൽ ഒരു വഴിത്തിരിവാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.