ഉഷ നവയുഗം ജീവകാരുണ്യ പ്രവർത്തകർക്കൊപ്പം
ദമ്മാം: തൊഴിലോ ഇഖാമയോ ഇല്ലാതെ ദമ്മാമിൽ നാല് വർഷത്തോളം ദുരിതത്തിലായിരുന്ന മലയാളി വനിത, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യ വിഭാഗത്തിെൻറ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട റാന്നി സ്വദേശിനിയായ ഉഷ അബ്രഹാമാണ് പ്രവാസലോകത്തെ പ്രതിസന്ധികൾ മറികടന്ന് കഴിഞ്ഞദിവസം വിമാനം കയറിയത്.
ദമ്മാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ദീർഘകാലം ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ഉഷ. നാല് വർഷം മുൻപ് ആശുപത്രി മാനേജ്‌മെൻറ് സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് ഉഷയുടെ ജീവിതം ദുരിതത്തിലായത്. മാസങ്ങളോളം ശമ്പളം മുടങ്ങിയതോടെ ഇവർ ലേബർ കോടതിയെ സമീപിച്ചെങ്കിലും, കമ്പനി കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തത് തിരിച്ചടിയായി.
ഇതോടെ ശമ്പള കുടിശ്ശികയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത അവസ്ഥയിലായി. ഇതിനിടയിൽ ഇഖാമ കാലാവധി അവസാനിക്കുകയും അത് പുതുക്കി നൽകാൻ മാനേജ്‌മെൻറ് തയ്യാറാകാതിരിക്കുകയും ചെയ്തതോടെ ഉഷ നിയമക്കുരുക്കിലായി. നാട്ടിലേക്ക് പോകാൻ കഴിയാതെയും ജോലിയില്ലാതെയും കഴിഞ്ഞിരുന്ന ഉഷയുടെ ദുരവസ്ഥ നവയുഗം പ്രവർത്തക മിനി ജോർജ് വഴി സംഘടനയുടെ ജീവകാരുണ്യ വിഭാഗത്തിെൻറ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഷാജി അമ്പലത്ത്, മുഹമ്മദ് ഷിബു, മുഹമ്മദ് റിയാസ്, ജാബിർ മുഹമ്മദ്, അരുൺ ചാത്തന്നൂർ എന്നിവരടങ്ങിയ സംഘം സംയുക്തമായി നടത്തിയ നീക്കങ്ങൾക്കൊടുവിൽ നിയമതടസ്സങ്ങൾ നീങ്ങി. ലേബർ കോടതിയിലെയും ഡിപ്പോർട്ടേഷൻ സെൻററിലെയും സങ്കീർണമായ നടപടികൾ പൂർത്തിയാക്കി ഇവർക്കായി ഫൈനൽ എക്‌സിറ്റ് ലഭ്യമാക്കി. സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചാണ് ഉഷ ദമ്മാമിൽ നിന്നും യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.