സൗദി റെയിൽവേ പുതിയ 10 യാത്രാ ട്രെയിനുകൾ വാങ്ങുന്നു

റിയാദ്: രാജ്യത്തെ യാത്രാ ട്രെയിൻ ശൃംഖല വിപുലീകരിക്കുന്നതി​െൻറ ഭാഗമായി പുതിയ 10 ട്രെയിനുകൾ വാങ്ങുന്നതിനുള്ള ധനകാര്യ കരാറിൽ സൗദി റെയിൽവേ (സാർ) ഒപ്പുവെച്ചു. സ്വിസ് കമ്പനിയായ ‘സ്​റ്റാഡ്‌ലറി’ൽ നിന്ന് ട്രെയിനുകൾ വാങ്ങുന്നതിനായി സ്വിസ് എക്‌സ്‌പോർട്ട് റിസ്‌ക് ഇൻഷുറൻസ് ഏജൻസിയായ ‘സേവ്’, കെ.എഫ്.ഡബ്ല്യു ഐ.പി.ഇ.എക്സ്-ബാങ്ക്, കൊമേഴ്‌സ് ബാങ്ക്, യു.ബി.എസ് സ്വിറ്റ്‌സർലൻഡ് എന്നീ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളുമായി ചേർന്നാണ് കരാർ പൂർത്തിയാക്കിയത്.

ജർമ്മനിയിലെ ബെർലിനിൽ നടന്ന ‘ഇനോട്രാൻസ് 2026’ അന്താരാഷ്​ട്ര ഗതാഗത സാങ്കേതിക വിദ്യ പ്രദർശനത്തിനിടെയായിരുന്നു കരാർ ഒപ്പുവെക്കൽ. ഗതാഗത, ലോജിസ്​റ്റിക്‌സ് മന്ത്രിയും സൗദി റെയിൽവേ ബോർഡ് ചെയർമാനുമായ എൻജി. സ്വാലിഹ് അൽജാസിറി​െൻറ രക്ഷാകർതൃത്വത്തിലാണ് ചടങ്ങ് നടന്നത്.

2024-ൽ 10 ആധുനിക യാത്രാ ട്രെയിനുകൾ വാങ്ങുന്നതിനും പരിപാലനത്തിനുമായി സ്​റ്റാഡ്‌ലർ കമ്പനിയുമായി ‘സാർ’ ഒപ്പുവെച്ച കരാറി​െൻറ തുടർച്ചയായാണ് ഈ പുതിയ കരാർ. ഇതോടെ വാങ്ങാൻ സ്വിസ് കമ്പനിയുമായി കരാറിലേർപ്പെട്ട മൊത്തം ട്രെയിനുകളുടെ എണ്ണം 20 ആയി ഉയർന്നു. അഞ്ച് കോച്ചുകൾ വീതമുള്ള പുതിയ ട്രെയിനുകളിൽ ഓരോന്നിലും 302 സീറ്റുകൾ വീതമുണ്ടാകും.

യാത്രാ സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനും സീറ്റിങ് കപ്പാസിറ്റി ഉയർത്തുന്നതിനും യാത്രക്കാർക്ക് അത്യാധുനിക സാങ്കേതികവിദ്യകളോടെ മികച്ച യാത്രാനുഭവം നൽകുന്നതിനും ഈ പദ്ധതി സഹായിക്കും.

റെയിൽവേ മേഖലക്ക് സൗദി ഭരണകൂടം നൽകുന്ന നിരന്തര പിന്തുണയുടെ പ്രതിഫലനമാണ് ഈ ധനകാര്യ കരാറെന്ന് ‘സാർ’ സി.ഇ.ഒ ഡോ. ബശാർ അൽമാലിക് വ്യക്തമാക്കി. യാത്രാ ട്രെയിൻ ഫ്ലീറ്റ് വികസിപ്പിക്കുന്നതിലൂടെ നഗരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും, ബിസിനസ്സ്-വിനോദസഞ്ചാര മേഖലകൾക്ക് ഇത് വലിയ ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, കൂടുതൽ സുസ്ഥിരമായ ഗതാഗത മാർഗങ്ങളിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്താനും ഗതാഗത വിപണിയിൽ റെയിൽവേയുടെ പങ്ക് വർധിപ്പിക്കാനും ഈ നീക്കം വഴിതെളിക്കും.

Tags:    
News Summary - Saudi Railways is purchasing 10 new passenger trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.