റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതൃസംഗമം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദേശീയതലത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ കരുത്താർജിക്കും: മുനവ്വറലി ശിഹാബ് തങ്ങൾ
റിയാദ്: ദേശീയ തലത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ കരുത്താർജിക്കുമെന്ന് മുസ്‌ലിം ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയിക്കാനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ കൂടുതൽ അരക്ഷിതരായി പോകുന്ന കാഴ്ചയാണ് ഉത്തരേന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
വി.കെ. ശ്രീകണ്ഠൻ എം.പി സംസാരിക്കുന്നു
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിെൻറ ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന പൊളിക്കൽ നടപടി അന്യായമാണ്. യു.പി. ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൈയ്യേറ്റം ആരോപിച്ചാണ് മസ്ജിദുകൾ പൊളിക്കുന്നത്. ഇത് രാജ്യത്തിെൻറ ജനാധിപത്യ മതേതര ഘടന തകർക്കുന്ന നിലപാടാണ്. ഇതിനെതിരെ പരമോന്നത കോടതിയായ സുപ്രീംകോടതി ഇടപെടണമെന്നും സംസ്ഥാന സർക്കാറുകളുടെ പൊളിക്കൽ നീക്കത്തെ തടയിടാൻ കേന്ദ്രം തയ്യാറാകണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ന്യൂനപക്ഷങ്ങളുൾപ്പടെ കോടിക്കണക്കിന് മനുഷ്യരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നും രാജ്യത്തിെൻറ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടി മുനവ്വറലി ശിഹാബ് തങ്ങൾ, ഖുറം അനീസ്, ഹാരിസ് ബീരാൻ എം.പി. എന്നിവരടങ്ങിയ മൂന്നംഗ സമിതിക്ക് കഴിഞ്ഞ ദിവസം ഡൽഹിയിലെ ഖാഇദേമില്ലത്ത് സെൻററിൽ ചേർന്ന മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ചുമതല നൽകിയിരുന്നു.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംഘപരിവാർ ശക്തികളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ മതേതര ഇന്ത്യ ഒരുമിച്ചു നിൽക്കണമെന്ന് നേതൃസംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച വി.കെ. ശ്രീകണ്ഠൻ എം.പി. ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിൽ കഴിഞ്ഞ 10 കൊല്ലത്തെ ഇടതു ഭരണത്തിൽ പൊറുതിമുട്ടിയ ജനം യു.ഡി.എഫിന് നൽകിയ തകർപ്പൻ വിജയം ശരിവെക്കുന്ന രീതിയിലാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഒരുകാലത്തും ഇല്ലാത്ത വിധം എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുവാൻ ഇക്കഴിഞ്ഞ ഓണകാലത്ത് സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. വികസന രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ യു.ഡി.എഫ്. സർക്കാറിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നിവർ പങ്കെടുത്ത സംഗമത്തിൽ ‘സംഘടനാ പ്രവർത്തനത്തിെൻറ രീതിശാസ്ത്രം’ എന്ന വിഷയത്തിൽ സെൻട്രൽ കമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ഷാഫി തുവ്വൂർ ക്ലാസെടുത്തു.
അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, പീസ് വാലി ഡയറക്ടർ അബൂബക്കർ ഹാജി കോതമംഗലം, ഒ.ഐ.സി.സി. പ്രസിഡൻറ് സലീം കളക്കര, യു.പി. മുസ്തഫ, ഷൗക്കത്ത് കടമ്പോട്ട്, കെ.കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, നജീബ് നെല്ലാങ്കണ്ടി, ഷംസു പെരുമ്പട്ട, മൊയ്തീൻ കുട്ടി പൊന്മള എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് പരിപാടിക്ക് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.