നാല് സൈനിക നഗരങ്ങൾക്ക് ‘ആരോഗ്യ നഗരം’ അംഗീകാരം
റിയാദ്: സൗദി അറേബ്യയിലെ നാല് പ്രധാന സൈനിക നഗരങ്ങളെ ആരോഗ്യ വകുപ്പിെൻറ ‘ആരോഗ്യകരമായ നഗരങ്ങൾ’ പദ്ധതിയുടെ ഭാഗമായി ഔദ്യോഗികമായി അംഗീകരിച്ചു. ഇതിെൻറ സർട്ടിഫിക്കറ്റുകൾ ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ പ്രതിരോധ വകുപ്പ് എക്സിക്യൂട്ടീവ് അഫയേഴ്സ് ഡെപ്യൂട്ടി മന്ത്രി ഡോ. ഖാലിദ് അൽ ബിയാരി ഉൾപ്പെടെയുള്ള പ്രതിനിധികൾക്ക് കൈമാറി.
വടക്കുപടിഞ്ഞാറൻ മേഖലയിലെ കിങ് അബ്ദുൽ അസിസ് മിലിട്ടറി സിറ്റി, കിഴക്കൻ മേഖലയിലെ കിങ് ഫഹദ് മിലിട്ടറി സിറ്റി, പടിഞ്ഞാറൻ മേഖലയിലെ കിങ് ഫഹദ് എയർ ബേസ്, വടക്കൻ മേഖലയിലെ കിങ് ഖാലിദ് മിലിട്ടറി സിറ്റി എന്നിവയ്ക്കാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
ആരോഗ്യ വികസനം, ഭക്ഷ്യസുരക്ഷ, അന്തരീക്ഷത്തിെൻറയും പരിസ്ഥിതിയുടെയും ഗുണനിലവാരം, അടിയന്തര സാഹചര്യങ്ങളിലെ പ്രതിരോധം തുടങ്ങിയ ഒൻപത് പ്രധാന മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന 80 കർശന മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഈ നഗരങ്ങൾ അംഗീകാരം നേടിയെടുത്തത്.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, ആരോഗ്യകരമായ സുസ്ഥിര അന്തരീക്ഷം പ്രദാനം ചെയ്യുക, വികസന പദ്ധതികളുടെ മുൻഗണനാ പട്ടികയിൽ ആരോഗ്യത്തെ ഉൾപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വിവിധ സർക്കാർ-സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സൈനിക നഗരങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ അന്തരീക്ഷവും സജീവമായ ജീവിത സാഹചര്യവും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.