ഉടുമ്പുകളെ പരിസ്ഥിതി സംരക്ഷണ മേഖലയിൽ തുറന്നുവിടുന്നു

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ ചുവടുവെപ്പ്: സൗദിയിൽ 140 ഉടുമ്പുകളെ തുറന്നുവിട്ടു

റിയാദ്​: വനപ്രദേശങ്ങളിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി സൗദിയിൽ പുതിയൊരു പദ്ധതിക്ക് തുടക്കമായി. ഇമാം അബ്​ദുൽ അസിസ് ബിൻ മുഹമ്മദ് റോയൽ പ്രൊട്ടക്റ്റ് ഡെവലപ്മെൻറ്​ അതോറിറ്റിയും, നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറും സംയുക്തമായി, സംരക്ഷിത മേഖലയിലെ വിവിധ ഭാഗങ്ങളിലായി 140-ലധികം ഉടുമ്പുകളെ  തുറന്നുവിട്ടു.

ഈ ജീവികൾക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ വിദഗ്ധർ പരിശോധനയിലൂടെ ഉറപ്പുവരുത്തിയാണ് ഇവയെ തുറന്നുവിട്ടത്. പുതിയ ചുറ്റുപാടുകളുമായി ഇവക്ക് എളുപ്പത്തിൽ ഇണങ്ങാനും അതിജീവിക്കാനും ഇത് സഹായിക്കും. പുതിയ സാഹചര്യങ്ങളോട് ജീവികൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് അറിയാൻ ഉദ്യോഗസ്ഥർ തുടർച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്.

വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റിയുടെ വൈൽഡ് ലൈഫ് വിഭാഗം മേധാവി അബ്​ദുല്ലത്തീഫ് അൽ അബ്​ദുല്ലത്തീഫ് വ്യക്തമാക്കി. പ്രദേശത്തി​െൻറ പ്രത്യേകതകളും ജീവികളുടെ ആവശ്യങ്ങളും പൂർണ്ണമായി മനസിലാക്കിയാണ് ഇവയെ തുറന്നുവിടാൻ സ്ഥലങ്ങൾ തെരഞ്ഞെടുത്തത്.

തുറന്നുവിട്ട ശേഷം ജീവികളുടെ സഞ്ചാരവും പെരുമാറ്റരീതികളും നിരന്തരം നിരീക്ഷിക്കുന്നത് വഴി നിർണായക വിവരങ്ങൾ ലഭിക്കുമെന്നും, വരുംകാലങ്ങളിൽ ഇതുപോലുള്ള വന്യജീവി സംരക്ഷണ പദ്ധതികൾ കൂടുതൽ മികച്ച രീതിയിൽ നടപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയിലെ മരുഭൂമിക്ക് ഇണങ്ങിയ ഉടുമ്പ്​ വിഭാഗം ജീവികൾ പ്രകൃതിയിലെ ഭക്ഷ്യ ശൃംഖലയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വന്യജീവികളെ സംരക്ഷിക്കുന്നതിനും സ്വാഭാവിക ആവാസവ്യവസ്ഥ നിലനിർത്തുന്നതിനും ഇരു സ്ഥാപനങ്ങളും ഒരുമിച്ച് നടത്തുന്ന മികച്ച പ്രവർത്തനങ്ങളുടെ തെളിവാണ് ഈ പദ്ധതി.

പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കുക, നശിച്ചുപോയ ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുക, ജൈവവൈവിധ്യം വളർത്തുക എന്നിവയാണ് ഈ അതോറിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഈ പ്രവർത്തനങ്ങളെല്ലാം പ്രകൃതിയുടെ നിലനിൽപ്പിന് സഹായിക്കുന്നതോടൊപ്പം, പരിസ്ഥിതി രംഗത്ത് സൗദി വിഷൻ 2030 ലക്ഷ്യമിടുന്ന കാര്യങ്ങളെയും ശക്തമായി പിന്തുണക്കുന്നു.

Tags:    
News Summary - A new step in environmental conservation: 140 monitor lizards released in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.