സൗദിക്ക് നേരെ ഹൂതി ആക്രമണം; ഹീനവും തീവ്രവാദപരവുമെന്ന് സഖ്യസേന
റിയാദ്: സൗദി അറേബ്യയുടെ ദേശീയ സാമ്പത്തിക സ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരെയുള്ള ഹൂതികളുടെ ഹീനമായ ആക്രമണങ്ങൾ തുടരുകയാണെന്ന് അറബ് സഖ്യസേന വ്യക്തമാക്കി.
സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ അവരുടെ തീവ്രവാദ നയങ്ങളെയും ചിന്താഗതികളെയും വ്യക്തമാക്കുന്നതാണെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ അൽമാലിക്കി പറഞ്ഞു.
ബുധനാഴ്ച ഖമീസ് മുഷൈത്, അബഹ, ജിസാൻ എന്നീ നഗരങ്ങൾക്ക് നേരെ നിരവധി ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ വീണ്ടും ആക്രമണം നടത്തിയതായി അദ്ദേഹം അറിയിച്ചു. സൗദിയുടെ പരമാധികാരവും ദേശീയ സാമ്പത്തിക സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിനും, അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ കരാറുകൾക്കും അനുസൃതമായ സ്വയം പ്രതിരോധ അവകാശത്തിനും വിധേയമായി ഈ ആക്രമണങ്ങളെ ഉത്തരവാദിത്തത്തോടെ നേരിടുമെന്ന് അൽമാലിക്കി വ്യക്തമാക്കി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യവസ്ഥകൾക്കനുസൃതമായി സാധാരണക്കാരെയും സിവിലിയൻ വസ്തുവകകളെയും ഈ ഹീനമായ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച സൗദിയുടെ തെക്കൻ പ്രദേശങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 സാധാരണക്കാരുടെ പരിക്കിന് കാരണമായ ഈ ആക്രമണങ്ങളെ സൗദിയും വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ശക്തമായി അപലപിച്ചിരുന്നു.
രാജ്യത്തിെൻറ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് സൗദി അറേബ്യ ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.