അനു അശോക്, മുഹമ്മദ് കുട്ടി, കെ.പി. നൗഷാദ്, സലിം ഹംസ
ജുബൈൽ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ജുബൈലിലെ പഴയ പ്രവാസികളും. ഒ.ഐ.സി.സി, കെ.എം.സി.സി, നവോദയ സാംസ്കാരിക വേദി, പ്രവാസി വെൽഫെയർ തുടങ്ങി ജുബൈലിൽ സജീവമായ നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ച് നിരവധി വർഷത്തെ പരിചയമുള്ളവരാണ് പലരും.ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്ന അനു അശോക് കൊല്ലം കുലശേഖരപുരം ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നു. മുതിർന്ന നേതാവും ജുബൈൽ കെ.എം.സി.സി സിറ്റി ഏരിയ മുൻ പ്രസിഡൻറുമായ മുഹമ്മദ് കുട്ടി എടപ്പാൾ, ജുബൈൽ കെ.എം.സി.സി മുൻ പ്രവർത്തക സമിതി അംഗം കെ.പി. നൗഷാദ് പരപ്പനങ്ങാടി എന്നിവരും യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നുണ്ട്. മുഹമ്മദ് കുട്ടി എടപ്പാൾ പഞ്ചായത്ത് ഒമ്പതാം വാർഡിലും കെ.പി. നൗഷാദ് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 36ാം ഡിവിഷനിലുമാണ് മത്സരിക്കുന്നത്.
ജുബൈലിൽ ദീർഘകാലം പ്രവാസിയായിരുന്ന സലിം ഹംസ തൃശൂർ വരന്തരപ്പിള്ളി പഞ്ചായത്ത് 15ാം വാർഡിൽ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥിയാണ്. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്ന സലീമിന് 2002 മുതൽ 2016 വരെ സൗദി കിഴക്കൻ പ്രവിശ്യയിലെ വൻകിട കമ്പനികളിൽ പ്രവർത്തിച്ച പരിചയവുമുണ്ട്. പ്രവാസകാലത്ത് ജുബൈലിൽ സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബിെൻറ രൂപവത്കരണത്തിൽ പങ്കാളിയായിരുന്ന സലിം കായികമേഖലയിലും സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇതേ വാർഡിൽ ഭാര്യ സലീജ സലിം യു.ഡി.എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി ജനവിധി തേടുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ യു.ഡി.എഫ് പിന്തുണയില്ലാതെയാണ് സലിം ഹംസ വെൽഫെയർ പാർട്ടിയുടെ ബാനറിൽ അങ്കത്തിനിറങ്ങുന്നത്.
പ്രവാസലോകത്ത് നിന്നുള്ള നേതാക്കളുടെ വർധിച്ച സാന്നിധ്യം ഈ തെരഞ്ഞെടുപ്പിെൻറ പ്രത്യേകതയാണ്. പ്രവാസത്തിലൂടെ സമ്പാദിച്ച സംഘാടകശേഷിയും പരിചയസമ്പത്തും സാമൂഹിക പ്രവർത്തന മേഖലക്ക് പ്രയോജനപ്പെടുമെന്നത് തീർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.