ഒമാനെതിരായ ഇറാ​ൻ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

റിയാദ്: ഒമാന് നേരെയുണ്ടായ ഇറാ​ന്റെ ക്രൂരമായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഒമാ​ന്റെ പരമാധികാരത്തിന് മേലുള്ള ഇറാന്റെ നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ സൗദി, സഹോദര രാജ്യമായ ഒമാന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്.

ഒമാൻ സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നടപടികൾക്കും പൂർണ പിന്തുണയുണ്ടാകുമെന്നും, ഒമാനെ സഹായിക്കുന്നതിനായി രാജ്യം തങ്ങളുടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. അയൽരാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഇറാ​ൻ നടപടി മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ ഒമാനിലെ ദുകം വാണിജ്യ തുറമുഖത്തിന് നേരെ രണ്ട് ഡ്രോൺ ആക്രമണം ഉണ്ടായതായി ഒമാൻ അറിയിച്ചിരുന്നു. ഇതിൽ ഒരു ഡ്രോൺ തൊഴിലാളികളുടെ താമസസ്ഥലത്താണ് പതിച്ചത്. ആക്രമണത്തിൽ ഒരു വിദേശി തൊഴിലാളിക്ക് പരിക്കേറ്റു. രണ്ടാമത്തെ ഡ്രോൺ ഇന്ധന ടാങ്കുകൾക്ക് സമീപമാണ് വീണതെങ്കിലും മറ്റ് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, ഇന്നലെ (ശനിയാഴ്ച) മുതൽ ബഹ്റൈൻ, ഖത്തർ, യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാ​ന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Saudi Arabia strongly condemns Iran's attack on Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.