റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ പുതിയ സാഹചര്യങ്ങളും അടിയന്തര സംഭവവികാസങ്ങളും വിലയിരുത്തുന്നതിനായി സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വിവിധ രാജ്യങ്ങളിലെ സഹപ്രവർത്തകരുമായി ഫോണിൽ സംസാരിച്ചു. പാകിസ്താൻ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായാണ് അദ്ദേഹം വെവ്വേറെ ചർച്ചകൾ നടത്തിയത്.
സംഘർഷങ്ങൾ ലഘൂകരിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കൂട്ടായ ശ്രമങ്ങൾ തുടരണമെന്ന് സൗദി വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ചർച്ചയിൽ, മേഖലയിൽ കൂടുതൽ സംഘർഷാവസ്ഥകൾ ഒഴിവാക്കേണ്ടതിെൻറ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു.
അറേബ്യൻ ഗൾഫിലെയും ചെങ്കടലിലെയും ജലപാതകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നത് പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ സുസ്ഥിരത കൈവരിക്കാൻ അത്യന്താപേക്ഷിതമാണെന്ന് ഇരുവരും വിലയിരുത്തി. ഇതിനായി ഇരുരാജ്യങ്ങളും തമ്മിൽ നിരന്തരമായ കൂടിയാലോചനകളും ഏകോപനവും തുടരാനും ധാരണയായി.
കൂടാതെ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായും ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി ഡോ. ബദർ അബ്ദുൽ ആത്തിയുമായും അമീർ ഫൈസൽ ബിൻ ഫർഹാൻ ഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തേണ്ടതിെൻറ പ്രാധാന്യം ഈ ചർച്ചകളിൽ ഉയർന്നുവന്നു.
സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ഖത്തർ, ഈജിപ്ത് നേതാക്കൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കണം: സൗദിയുൾപ്പടെയുള്ള രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.