റിയാദിൽ പുതിയ മാനസികാരോഗ്യ-ലഹരി വിമുക്ത ചികിത്സാ ആശുപത്രി

റിയാദ്: ആരോഗ്യ മേഖലയിലെ പരിവർത്തന ലക്ഷ്യങ്ങൾ മുൻനിർത്തി, ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുന്നതി​െൻറ ഭാഗമായി റിയാദിൽ പുതിയ സ്പെഷ്യലൈസ്ഡ് മാനസികാരോഗ്യ-ലഹരിവിമുക്ത ആശുപത്രി വരുന്നു.

റിയാദിലെ ‘സാബിക് സ്പെഷ്യലൈസ്ഡ് മെൻറൽ ഹെൽത്ത് ഹോസ്പിറ്റൽ’ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള സുപ്രധാന കരാറിൽ സൗദി ആരോഗ്യ മന്ത്രാലയം ഒപ്പുവെച്ചു. നാഷനൽ സെൻറർ ഫോർ പ്രൈവറ്റൈസേഷ​െൻറ പങ്കാളിത്തത്തോടെ, സ്പെഷ്യലൈസ്ഡ് മെഡിക്കൽ കമ്പനി ഉൾപ്പെടുന്ന മൂന്ന് സ്ഥാപനങ്ങളുടെ സഖ്യവുമായാണ് മന്ത്രാലയം ഈ കരാറിലേർപ്പെട്ടിരിക്കുന്നത്.

 

പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ മാനസികാരോഗ്യ സംരക്ഷണ മേഖലയിലെ ചികിത്സാശേഷി വർദ്ധിപ്പിക്കാനും വിദഗ്ധ പരിചരണം കൂടുതൽ രോഗികൾക്ക് വേഗത്തിൽ ലഭ്യമാക്കാനും സാധിക്കും. സൗദി ആരോഗ്യ മന്ത്രാലയവും പ്രമുഖ വ്യവസായ സ്ഥാപനമായ സാബിക്കും തമ്മിലുള്ള ശക്തമായ സഹകരണത്തി​െൻറ ഉദാഹരണമാണ് ഈ സംരംഭം.

ആശുപത്രിയുടെ നിർമാണം, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിക്കൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവ സാബിക്കാണ് പൂർത്തിയാക്കിയത്. 62,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമിച്ചിട്ടുള്ള ഈ പുതിയ ആശുപത്രി സമുച്ചയത്തിൽ 150 കിടക്കകൾ, ഡേ-കെയർ ക്ലിനിക്കുകൾ, 19 ഔട്ട്‌പേഷ്യൻറ്​ (ഒ.പി) ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടുന്നു.

 

മാനസികാരോഗ്യ പരിചരണം, പുനരധിവാസം എന്നിവയിൽ ഊന്നൽ നൽകി പ്രവർത്തിക്കുന്ന ആശുപത്രിയുടെ മെഡിക്കൽ, ഇതര നടത്തിപ്പ് ചുമതലകൾ അടുത്ത 15 വർഷത്തേക്ക് സ്പെഷ്യലൈസ്ഡ് മെഡിക്കൽ കമ്പനി സഖ്യത്തിനായിരിക്കും. സ്പെഷ്യലൈസ്ഡ് മെഡിക്കൽ കമ്പനി, മാനസികാരോഗ്യ ലഹരിവിമുക്ത സേവനങ്ങളിൽ പ്രഗത്ഭരായ ‘ബവാബത് അൽ സ്വഹ കോംപ്ലക്സ്’, കൂടാതെ പുനരധിവാസത്തിലും മാനസികാരോഗ്യ പരിചരണത്തിലും 1986 മുതൽ ദീർഘകാല അനുഭവസമ്പത്തുള്ള പ്രമുഖ ജർമൻ മെഡിക്കൽ ഗ്രൂപ്പ് എന്നിവ ചേർന്നതാണ് ഈ പ്രവർത്തന സഖ്യം.

നിലവിൽ 2,000 കിടക്കകളുള്ള 12 ആരോഗ്യ കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്ന ജർമൻ ഗ്രൂപ്പി​െൻറ നാല് കേന്ദ്രങ്ങൾ മാനസികാരോഗ്യ-ലഹരിവിമുക്ത ചികിത്സയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രകടന സൂചകങ്ങൾക്ക് വിധേയമായി പ്രഫഷനൽ രീതിയിലാണ് സ്വകാര്യ മേഖല നിർവഹണം, ദിനംപ്രതിയുള്ള പ്രവർത്തനം, പരിപാലനം എന്നിവ നടത്തുക. 2027-​െൻറ തുടക്കത്തിൽ ആശുപത്രി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുക, വിദഗ്ധ പരിചരണം സുഗമമാക്കുക, ഡേ-കെയർ സൗകര്യങ്ങൾ ലഭ്യമാക്കുക, ചികിത്സയ്ക്ക് ശേഷമുള്ള റീഹാബിലിറ്റേഷൻ-ഫോളോഅപ്പ് പ്രോഗ്രാമുകൾ നൽകുക എന്നിവയിലൂടെ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച അനുഭവമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

രാജ്യത്തെ മാനസികാരോഗ്യ മേഖലയുടെ വികസനം ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ തുടർച്ചയായാണ് ഈ സംരംഭം. റിയാദ് ഹെൽത്ത് ക്ലസ്​റ്റർ 3-ക്ക് കീഴിലുള്ള ‘ഇറാദ മെൻറൽ ഹെൽത്ത് കോംപ്ലക്സി’​െൻറ പുതിയ ആസ്ഥാനം ഈ വർഷം ഫെബ്രുവരി 13-ന് പ്രവർത്തനം ആരംഭിച്ചിരുന്നു. അത്യാധുനിക ചികിത്സാ-രോഗനിർണയ സൗകര്യങ്ങളോടെ പ്രവർത്തനം തുടരുന്ന ഇത്തരം സംവിധാനങ്ങൾക്ക് കരുത്തേകുന്നതാണ് പുതിയ ആശുപത്രിയുടെ വരവ്.

Tags:    
News Summary - new mental health and rehabilitation treatment center in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.