റിയാദ്: അൽ അഖ്സ പള്ളിക്ക് നേരെ ഇസ്രായേൽ നടത്തുന്ന പ്രകോപനപരമായ നടപടികൾ മധ്യപൂർവേഷ്യയിലെ ചരിത്രപരവും നിയമപരവുമായ നിലനിൽപ്പിനെ വ്രണപ്പെടുത്തുന്നതാണ്. ഇസ്രായേലിെൻറ അനധികൃത ഇടപെടലുകൾക്കെതിരെ സൗദി അറേബ്യ, ഈജിപ്ത്, ജോർഡാൻ, പാകിസ്താൻ, ഇന്തോനേഷ്യ, തുർക്കിയ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ ശക്തമായി പ്രതിഷേധിച്ചു.
തീവ്രവാദ നിലപാടുകളുള്ള ഇസ്രായേലി മന്ത്രിമാരുടെ നേതൃത്വത്തിൽ, ഇസ്രായേൽ പൊലീസിെൻറ പൂർണ സംരക്ഷണത്തോടെയാണ് അധിനിവേശ കുടിയേറ്റക്കാർ അൽ അഖ്സയിലേക്ക് അതിക്രമിച്ചു കയറുന്നത്. പള്ളിയുടെ മുറ്റത്ത് ഇസ്രായേൽ പതാക ഉയർത്തിയതും, പൊലീസ് കൂടാരങ്ങൾ സ്ഥാപിച്ചതും, കുടിയേറ്റക്കാരെ സംഘടിപ്പിച്ചു കടത്തിവിടുന്നതും സംഘർഷം കൂടുതൽ വഷളാക്കുന്നു. ഇത്തരം തീവ്ര നടപടികൾ മേഖലയിൽ വെറുപ്പും തീവ്രവാദവും വളർത്തുകയും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശാശ്വത സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് തടസ്സമാവുകയും ചെയ്യുന്നു.
അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ നിലവിലുള്ള സ്ഥിതിയെ തകിടം മറിക്കുന്ന ഇസ്രായേൽ നിലപാടുകൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. പഴയ നഗരത്തിലേക്കും ആരാധനാലയങ്ങളിലേക്കുമുള്ള പ്രവേശനത്തിന് ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന വിവേചനപരമായ വിലക്കുകൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണ്. അധിനിവിഷ്ട ജറൂസലമിലോ അവിടുത്തെ മുസ്ലിം-ക്രിസ്ത്യൻ വിശുദ്ധ സ്ഥലങ്ങളിലോ ഇസ്രായേലിന് യാതൊരു പരമാധികാരവുമില്ല. അൽ അഖ്സ പള്ളി സമുച്ചയം മുഴുവനായും മുസ്ലിംകൾക്ക് മാത്രം ആരാധനക്കുള്ള സ്ഥലമാണ്.
ജോർഡാനിയൻ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള 'ജറുസലേം ഔഖാഫ് ആൻഡ് അൽ അഖ്സ മോസ്ക് അഫയേഴ്സ് അഡ്മിനിസ്ട്രേഷൻ' മാത്രമാണ് അൽ അഖ്സയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനും പ്രവേശനം ക്രമീകരിക്കാനും അധികാരമുള്ള ഏക സ്ഥാപനം. അതിനാൽ, പ്രവേശന വിലക്കുകൾ ഉടനടി പിൻവലിക്കാനും മുസ്ലിം തീർഥാടകരെ തടയുന്നതിൽ നിന്ന് പിന്തിരിയാനും ഇസ്രായേൽ തയാറാകണം. വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത തകർക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കുന്ന ശക്തമായ നിലപാട് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.