റിയാദ്: രാജ്യത്തെ കന്നുകാലി സമ്പത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിൽ മൃഗങ്ങളോടുള്ള കരുണയും പരിപാലനവും അത്യന്താപേക്ഷിതമായ ഘടകമാണെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. കന്നുകാലി സമ്പത്തിൽപ്പെടുന്ന ഏതൊരു ജീവിയെയും ഉപദ്രവിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് അഞ്ച് വർഷത്തിൽ കൂടാത്ത തടവുശിക്ഷയോ, ഒരു കോടി റിയാലിൽ കവിയാത്ത പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വേനൽക്കാലത്ത് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വളർത്തുമൃഗങ്ങളുടെ ഉടമകളും പരിപാലകരും അവയെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. മൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും തടസ്സമില്ലാതെ ലഭ്യമാക്കുക, സംരക്ഷണത്തിനായി സുരക്ഷിതമായ കൂടും പാർപ്പിടവും ഒരുക്കുക, കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പുകൾ നൽകുക, ചൂട് കടുക്കുന്ന സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത വിധം തണലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുക, ദിവസത്തിൽ ഒരിക്കലെങ്കിലും അവയുടെ ശാരീരികാവസ്ഥ പരിശോധിക്കുക എന്നിവ മുൻകരുതൽ നടപടികളുടെ ഭാഗമായി നടപ്പാക്കേണ്ടതുണ്ട്.
മൃഗങ്ങളോട് ദയ കാണിക്കുന്നത് മതപരവും ധാർമ്മികവുമായ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. കന്നുകാലികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വേനൽക്കാലത്തെ കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.