ജിദ്ദ: ജിദ്ദയിൽ നടക്കുന്ന പ്രമുഖ ആഗോള ബോക്സിങ് മാമാങ്കമായ 'ദി കംബാക്ക്' നൈറ്റിൽ സൗദി അറേബ്യയ്ക്ക് മിന്നുന്ന തുടക്കം. ഫെദർവെയ്റ്റ് വിഭാഗത്തിൽ നടന്ന നാല് റൗണ്ട് നീണ്ട കടുത്ത പോരാട്ടത്തിൽ സ്പാനിഷ് താരം ഇഫ്രെൻ ബെസാൽഡൂച്ചിനെ കീഴടക്കി സൗദിയുടെ സുൽത്താൻ അൽ മുഹമ്മദ് തകർപ്പൻ വിജയം നേടി. ലോകമെമ്പാടുമുള്ള പ്രമുഖ ബോക്സിങ് താരങ്ങളും പ്രാദേശിക സൗദി ചാമ്പ്യന്മാരും അണിനിരക്കുന്ന ടൂർണമെൻറിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ഇത്.
ശനിയാഴ്ച വൈകുന്നേരം തുടരുന്ന 'ദി കംബാക്ക്' മത്സരങ്ങളിൽ ലോകമെമ്പാടുമുള്ള കായികപ്രേമികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രധാന നൈറ്റിലെ മുഖ്യ പോരാട്ടത്തിലേക്കാണ്. മുൻ ലോക ചാമ്പ്യനായ ബ്രിട്ടൻറെ ആൻറണി ജോഷ്വ, അൽബേനിയൻ താരം ക്രിസ്റ്റ്യൻ പ്രെങ്ഗയെ നേരിടുന്ന ഈ വമ്പൻ പോരാട്ടം കാണാൻ വൻ ജനപ്രവാഹമാണ് പ്രതീക്ഷിക്കുന്നത്.
രാജ്യാന്തര കായിക മാമാങ്കങ്ങൾക്ക് സൗദി അറേബ്യ വേദിയാകുന്നതിൻറെ ഭാഗമായി, ജിദ്ദ കലണ്ടറിലെ പ്രധാന ആകർഷണമായ 'ഫൈറ്റ് വീക്ക്' പ്രോഗ്രാമിൻറെ കീഴിലാണ് ഈ ഇവൻറ് സംഘടിപ്പിച്ചിരിക്കുന്നത്. റിയാദ് സീസണുമായി സഹകരിച്ച് മാച്ച് റൂം, സെല, ഗോൾഡ് സ്റ്റാർ, ക്വീൻസ്ബെറി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ജിദ്ദ ആതിഥേയത്വം വഹിക്കുന്ന ഈ രാജ്യാന്തര ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സൗദി താരങ്ങളാണ് പ്രത്യാശയുമായി മാറ്റുരയ്ക്കുന്നത്. ഫെദർവെയ്റ്റ് വിഭാഗത്തിൽ വിജയം നേടിയ സുൽത്താൻ അൽ മുഹമ്മദിന് പുറമേ, സൂപ്പർ ഫെദർവെയ്റ്റ് വിഭാഗത്തിൽ മാൾട്ടീസ് താരം ലൈഡൻ ചിർകോപ്പുമായി ആറ് റൗണ്ട് പോരാട്ടത്തിൽ ഏറ്റുമുട്ടുന്ന മുഹമ്മദ് അൽ അഖലും അങ്കത്തട്ടിലുണ്ട്. കൂടാതെ, വെൽട്ടർവെയ്റ്റ് വിഭാഗത്തിൽ മെക്സിക്കൻ താരം ഫ്രാങ്ക് മാംഗോയ്‌ക്കെതിരെ എട്ട് റൗണ്ട് പോരാട്ടത്തിലാണ് സിയാദ് അൽ മയൂഫ് ഗോദയിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.