ജനീവയിൽ സുഡാൻ സമാധാന കൂടിയാലോചന യോഗത്തിൽ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജി. വലീദ് അൽഖുറൈജി സംസാരിക്കുന്നു
റിയാദ്: സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളിൽ വിദേശ ഇടപെടലുകൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആഹ്വാനം ചെയ്തു. നിയമവിരുദ്ധമായ ആയുധക്കടത്തിലൂടെയും വിദേശ പോരാളികളെ എത്തിച്ചും നൽകുന്ന പിന്തുണകൾ നിർത്തലാക്കേണ്ടത് രാജ്യത്ത് വെടിനിർത്തൽ നടപ്പാക്കാൻ അത്യന്താപേക്ഷിതമാണെന്ന് സൗദി വ്യക്തമാക്കി.
ജനീവയിൽ നടന്ന സുഡാൻ സമാധാന സംരംഭങ്ങളുടെ അഞ്ചാമത് കൂടിയാലോചന യോഗത്തിൽ സംസാരിക്കവെ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജി. വലീദ് അൽഖുറൈജിയാണ് നിലപാട് വ്യക്തമാക്കിയത്. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായി ‘അദ്‍രി’ അതിർത്തി ക്രോസിങ് തുറക്കാനുള്ള സുഡാൻ സർക്കാറിന്റെ തീരുമാനത്തെ സൗദി സ്വാഗതം ചെയ്തു. സഹായ വിതരണത്തിന് സുരക്ഷിത പാതകൾ ഒരുക്കുന്നത് ജനങ്ങളുടെ ദുരിതം കുറക്കാൻ സഹായിക്കും.
സുഡാന്റെ പരമാധികാരവും ഐക്യവും ബഹുമാനിച്ചുള്ള രാഷ്ട്രീയ പരിഹാരമാണ് പ്രതിസന്ധിക്ക് ഏക പോംവഴി. സർക്കാർ സ്ഥാപനങ്ങളുടെ തകർച്ച തടയുകയും സുഡാന്റെ വിഭവങ്ങൾ സംരക്ഷിക്കുകയും വേണം. സുഡാനിലെ സംഘർഷം നീണ്ടുപോകുന്നത് ആഫ്രിക്കൻ മേഖലയുടെയാകെ സ്ഥിരതക്ക് ഭീഷണിയാണെന്ന് അൽഖുറൈജി ചൂണ്ടിക്കാട്ടി.
നേരത്തെ ജിദ്ദയിൽ വെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ ഒപ്പിട്ട ഹ്രസ്വകാല വെടിനിർത്തൽ കരാറിന്റെയും മാനുഷിക ക്രമീകരണങ്ങളുടെയും അടിസ്ഥാനത്തിൽ രാഷ്ട്രീയ ചർച്ചകൾ പുനരാരംഭിക്കാനാണ് സൗദി താൽപര്യപ്പെടുന്നത്. സുഡാനീസ് ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.