റിയാദ്: സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രതീക്ഷ നൽകുന്നതാണെന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കി. അൽയമാമ കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർച്ചയായി നാലു വർഷങ്ങളിലായി വിദേശ നിക്ഷേപം ലക്ഷ്യങ്ങൾ കവിഞ്ഞ് 24.2 ശതമാനം വർധിച്ചു. സ്ഥിര മൂലധന റെക്കോർഡ് ഉയരത്തിലെത്തിയതായും മന്ത്രിസഭ വ്യക്തമാക്കി.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ സ്വീകരിച്ചതും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫുമായും നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെ കിരീടാവകാശി നടത്തിയ ആശയവിനിമയങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചും മന്ത്രിസഭക്ക് വിശദീകരണം നൽകി. ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയേയും ബലപ്രയോഗത്തിലൂടെ ഇത് അടിച്ചേൽപ്പിക്കുന്നതിനായി ഉപരോധവും പട്ടിണിയും തുടർച്ചയായി ഉപയോഗിക്കുന്നതിനെയും മന്ത്രിസഭ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക മാനദണ്ഡaങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഊന്നിപ്പറഞ്ഞു. വംശഹത്യക്കും സിവിലിയന്മാർക്കെതിരായ അതിക്രമങ്ങൾക്കും അധിനിവേശ അധികാരികളെ ഉത്തരവാദികളാക്കണമെന്ന ആഹ്വാനം മന്ത്രിസഭ ആവർത്തിച്ചു.
ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, പുനരധിവാസ മേഖലകളിലെ സിറിയൻ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, വീണ്ടെടുക്കലിനും സമൃദ്ധിക്കും സംഭാവന നൽകുന്നതിനും, ദുരിതബാധിതരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി വികസന പദ്ധതികളുടെ പാക്കേജ് ആരംഭിച്ച കിങ് സൽമാൻ മാനുഷിക സഹായ, ദുരിതാശ്വാസ കേന്ദ്രത്തെ മന്ത്രിസഭ പ്രശംസിച്ചു. സൗദി-ബ്രിട്ടീഷ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ അഞ്ചാമത് സാമ്പത്തിക സാമൂഹിക സമിതി യോഗത്തിന്റെ ഉള്ളടക്കവും ‘ഗ്രേറ്റ് ഫ്യൂച്ചേഴ്സ് ഇനിഷ്യേറ്റീവിന്റെ’ സമാപന സമ്മേളനത്തിൽ ഒപ്പുവെച്ച 38 കരാറുകളെയും മന്ത്രിസഭ വിലയിരുത്തി.
സൗദി ആതിഥേയത്വം വഹിച്ച ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്റർമാർക്കായുള്ള ആഗോള സിമ്പോസിയത്തിന്റെ ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. ആഗോള ഡിജിറ്റൽ രംഗത്ത് സൗദിയുടെ പ്രമുഖ സ്ഥാനവും മാനുഷിക ഐക്യം വർധിപ്പിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനുമുള്ള സാങ്കേതിക പാലങ്ങൾ നിർമിക്കുന്നതിൽ അതിന്റെ പങ്കിനെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രിസഭ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.