ബിഹാറിലെ ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ടിന് ജിദ്ദ കെ.എം.സി.സി നൽകുന്ന അഞ്ചുലക്ഷം രൂപ സഹായം ഭാരവാഹികൾ ഫൗണ്ടേഷൻ മേധാവി ഡോ. സുബൈർ ഹുദവി ചേകനൂരിന് കൈമാറുന്നു
ജിദ്ദ: ബിഹാറിലെ കിഷൻഖഞ്ച് ജില്ലയിലെ സീമാഞ്ചൽ മേഖല കേന്ദ്രീകരിച്ച് ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കി സ്ഥാപിച്ച് പ്രവർത്തിക്കുന്ന ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് അക്കാദമി എന്ന സ്ഥാപനത്തിന്റെ നിർമാണ പ്രവർത്തനത്തിലേക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അഞ്ചുലക്ഷം രൂപ സംഭാവന നൽകി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ചെയർമാനായ ഖുർത്വുബ വെൽഫെയർ സൊസൈറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച പഠ്യപദ്ധതിയോടൊപ്പം തൊഴിൽ പരിശീലനവും നൽകിവരുന്ന സ്ഥാപനം, ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിന് നേതൃപരമായ പങ്കുവഹിക്കാവുന്ന നേതാക്കന്മാരെ വാർത്തെടുക്കുക എന്നത് കൂടിയാണ് ലക്ഷ്യമിടുന്നത്. ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും ചേർന്ന് ഖുർത്വുബ ഫൗണ്ടേഷൻ മേധാവി ഡോ. സുബൈർ ഹുദവി ചേകനൂരിന് ആദ്യഘട്ട സഹായമായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. സ്ഥാപനത്തിന്റെ പ്രധാന കെട്ടിടത്തിൽ ഒരു ക്ലാസ് മുറി നിർമിക്കാനാണ് ഈ സഹായം.
തുടർന്നും സഹായം ലഭ്യമാക്കാൻ ജിദ്ദ കെ.എം.സി.സി പരിശ്രമിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. നിസ്സാം മമ്പാട്, വി.പി. അബ്ദുറഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം, എ.കെ. മുഹമ്മദ് ബാവ, ലത്തീഫ് മുസ്‍ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂർ, സുബൈർ ഹുദവി പാലക്കാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.