ദമ്മാം: മത്സ്യ ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ മത്സ്യത്തിന് പൊള്ളുന്ന വില. മാസങ്ങളായി തുടരുന്ന മത്സ്യക്ഷാമം ഇപ്പോള്‍ കൂടുതല്‍ ക്ഷമായിരിക്കുന്നതായാണ് റിപ്പോർട്ട്. ലഭ്യതയില്‍ കുറവ് വന്നത് മത്സ്യ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ കടലിലെ ചൂട് അസാധാരണമാം വിധം വർധിച്ചതിനാൽ മത്സ്യ സമ്പത്ത് കുറഞ്ഞതായും മത്സ്യബന്ധനം മുമ്പത്തേതു പോലെ ഫലപ്രദമല്ലാതായതുമാണ് വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഗസ്റ്റ് മാസത്തിലെ ഒന്നാം വാരം ചെമ്മീൻ സീസൺ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ, അതിെൻറ തയ്യാറെടുപ്പുകളിലാണ് ഒേട്ടറെ മത്സ്യത്തൊഴിലാളികൾ. ബോട്ടുകൾ, വലകൾ തുടങ്ങിയ അനുബന്ധ സാമഗ്രികൾ അറ്റകുറ്റ പണികൾ തീർത്ത് അവസാന വട്ട മുന്നൊരുക്കത്തിലായതും വിപണിയെ ബാധിച്ചിട്ടുണ്ട്.
ചെറുമത്സ്യങ്ങളെ പിടിക്കാത്തതും ക്ഷാമത്തിന് കാരണമാവുന്നതായി ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനം, അനിയന്ത്രിത മത്സ്യ ബന്ധനം, ആഗോള താപനം എന്നീ കാരണങ്ങളാൽ ആഗോള തലത്തിൽ തന്നെ സമുദ്ര സമ്പത്ത് ഗണ്യമായ കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മലയാളിയുടെ ഇഷ്ട മത്സ്യയിനങ്ങളായ മത്തി, ഐയ്‌ല എന്നിവയുടെ ഉൽപാദനത്തിലും കാര്യമായ കുറവുണ്ട്. മത്സ്യ ലഭ്യത കുറഞ്ഞതിനാൽ വിപണിയിലുള്ള ഉത്പന്നങ്ങൾക്ക് നല്ല വിലയാണ് ഈടാക്കുന്നത്.
മത്തിയുടെ വില നാലിൽ നിന്ന് എട്ടിലേക്കും അയലയുടേത് 15 നിന്ന് 25 റിയാലുമായാണ് വർധിച്ചിരിക്കുന്നത്. വളരെ സുലഭമായി ലഭിച്ചിരുന്ന ഇത്തരം മത്സ്യ വിഭവങ്ങളുടെ വരവ് കുറഞ്ഞതിനാൽ, മതിയായ അളവിൽ മത്സ്യം ലഭിക്കാതെ ഉപഭോക്താക്കൾ മടങ്ങുന്നതായും വ്യാപാരികൾ പറയുന്നു. അമിത വില കൊടുത്തു വാങ്ങാനും ആളില്ലാത്ത അവസ്ഥയുണ്ട്. സ്വദേശികൾ ധാരാളമായി ഉപയോഗിക്കുന്ന ശേരി, ഹമൂർ എന്നിവക്കും പതിൻമടങ്ങായാണ് വില കൂടിയത്.
അടുത്ത മാസത്തിൽ ചെമ്മീൻ ചാകരയുടെ വരവോടെ വിപണിയിൽ ഉണർവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.