റിയാദ്: കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ സൗകര്യാർഥം സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങളിലേക്ക് പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. കുവൈത്ത് വിമാനത്താവളത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന സുരക്ഷ വെല്ലുവിളികളെത്തുടർന്ന് ഫെബ്രുവരി 28 മുതൽ രാജ്യത്തെ വ്യോമാതിർത്തി പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വിദേശയാത്രകൾക്ക് തടസം നേരിട്ടവർക്ക് വലിയ ആശ്വാസമായാണ് സൗദി പൊതുഗതാഗത അതോറിറ്റി ഈ പുതിയ ബദൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കുവൈത്ത് അതിർത്തികളെ സൗദിയിലെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് രണ്ട് പ്രധാന റൂട്ടുകളിലാണ് സർവിസ് നടത്തുന്നത്. കുവൈത്ത് അതിർത്തിയായ ഖഫ്ജിയിൽ നിന്നും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവിസാണ് ഒന്ന് (ഖഫ്ജി അതിർത്തി - ദമ്മാം). ഹഫർ അൽ ബാത്തിന് കിഴക്കുള്ള റുഖായ് അതിർത്തിയിൽനിന്നും ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന സർവിസാണ് രണ്ടാമത്തേത് (റുഖായ് അതിർത്തി - ഖൈസുമ). യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ട് റൂട്ടുകളിലും ഇരു ദിശകളിലേക്കുമായി ദിവസേന ആറ് നേരിട്ടുള്ള സർവിസുകൾ വീതമുണ്ട്. ഇത്തരത്തിൽ പ്രതിദിനം ആകെ 12 സർവിസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കുവൈത്തിൽ നിന്ന് കരമാർഗം സൗദി അതിർത്തിയിൽ എത്തുന്നവർക്ക് അവിടെ നിന്ന് വിമാനത്താവളങ്ങളിലേക്ക് നേരിട്ട് എത്താൻ ഇതിലൂടെ സാധിക്കും.
കുവൈത്ത് വ്യോമാതിർത്തി എന്നത്തേക്ക് തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, അന്താരാഷ്ട്ര യാത്രക്കാർക്ക് സൗദിയിലെ വിമാനത്താവളങ്ങൾ വഴി യാത്ര തുടരാൻ ഈ ലിങ്കുകൾ സഹായകമാകും. അതിർത്തി ക്രോസിങ്ങുകളെ വിമാനത്താവളങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ യാത്രാക്ലേശം കുറക്കാനും ഗതാഗത ഓപ്ഷനുകൾ മെച്ചപ്പെടുത്താനുമാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. കുവൈത്തിൽനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിദേശങ്ങളിൽനിന്ന് കുവൈത്തിലേക്ക് പോകേണ്ടവർക്കും ഒരുപോലെ ഈ സേവനം പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.