റമദാൻ ആദ്യ പകുതി; സൗദിയിലെ പള്ളികളിൽ 1.76 ലക്ഷം പരിശോധനകൾ പൂർത്തിയായി

യാംബു: റമദാൻ മാസത്തിൽ വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങളും ആത്മീയ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം പരിശോധനകൾ ശക്തമാക്കി. മാസത്തി​ന്റെ ആദ്യ പകുതിയിൽ രാജ്യത്തുടനീളമുള്ള 84,000-ത്തിലധികം പള്ളികളിലും പ്രാർഥനാ ഹാളുകളിലുമായി 1.76 ലക്ഷം ഫീൽഡ് സന്ദർശനങ്ങളാണ് മന്ത്രാലയം നടത്തിയത്.

മന്ത്രാലയത്തിന് കീഴിലുള്ള ഏഴായിരത്തിലധികം ഇൻസ്‌പെക്ടർമാർ നേരിട്ടാണ് പള്ളികളിലെ ക്രമീകരണങ്ങൾ വിലയിരുത്തിയത്. ശുചിത്വം, കൃത്യമായ അറ്റകുറ്റപ്പണികൾ, ശബ്​ദ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. ആരാധനാലയങ്ങൾ പൂർണ സജ്ജമാണെന്നും വിശ്വാസികൾക്ക് തടസ്സമില്ലാതെ കർമങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ബാങ്ക് വിളിക്കുന്നതിനും നമസ്‌കാരങ്ങൾക്കും ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരമുള്ള കൃത്യമായ സമയക്രമം പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കി.

നമസ്‌കാര ദൃശ്യങ്ങൾ കാമറയിൽ പകർത്തുന്നതിനും സോഷ്യൽ മീഡിയ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുമുള്ള നിരോധനം കർശനമായി നടപ്പാക്കുന്നുണ്ടോ എന്ന് സംഘം നിരീക്ഷിച്ചു. വിശ്വാസികൾക്കായി പള്ളികളിൽ നടന്നുവരുന്ന പ്രഭാഷണങ്ങളും ബോധവൽക്കരണ ക്ലാസുകളും മന്ത്രാലയത്തി​ന്റെ നിർദേശങ്ങൾക്കനുസൃതമാണെന്ന് വിലയിരുത്തി. പള്ളികളുടെ പരിപാലന നിലവാരം വർദ്ധിപ്പിക്കുന്നതിനും റമദാനിലെ ശാന്തമായ അന്തരീക്ഷം നിലനിർത്തുന്നതിനും വേണ്ടിയാണ് ഇത്തരം വിപുലമായ പരിശോധനകൾ നടത്തുന്നതെന്ന് ഇസ്‌ലാമിക കാര്യ, ദഅവ, ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - First half of Ramadan; 1.76 lakh tests completed in mosques in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.