കഴിഞ്ഞ വർഷത്തെ ഹജ്ജ് കോൺഫറൻസ്, പ്രദർശന പരിപാടിയിൽനിന്ന്

അഞ്ചാമത് ഹജ്ജ് കോൺഫറൻസും പ്രദർശനവും ഞായറാഴ്​ച മുതൽ ജിദ്ദയിൽ

ജിദ്ദ: ‘മക്ക മുതൽ ലോകമെങ്ങും’ എന്ന പ്രമേയത്തിൽ അഞ്ചാമത് ഹജ്ജ് കോൺഫറൻസും പ്രദർശനവും ഞായറാഴ്​ച ആരംഭിക്കും. ജിദ്ദയിലെ സൂപ്പർഡോമിൽ ബുധനാഴ്​ച വരെ നീളും. സൗദി ഭരണാധികാരി സൽമാൻ രാജാവി​ന്റെ രക്ഷാകർതൃത്വത്തിൽ ഹജ്ജ്, ഉംറ മന്ത്രാലയമാണ് സംഘാടകർ. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വികസിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ, നഗരവികസനം, മാനവ വിഭവശേഷി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനും തന്ത്രപരമായ കരാറുകൾ ഒപ്പിടാനും സമ്മേളനം ലക്ഷ്യമിടുന്നു.

ഡിജിറ്റൽ പരിവർത്തനം, സ്മാർട്ട് മാനേജ്മന്റെ്​, സുസ്ഥിര പരിഹാരങ്ങൾ എന്നിവയിലൂന്നിയുള്ള ചർച്ചകളാണ് ഇത്തവണ നടക്കുക. ഹജ്ജ് സംവിധാനത്തിലെ ഏറ്റവും പുതിയ പരിഹാരങ്ങളും കണ്ടുപിടിത്തങ്ങളും വിലയിരുത്തുന്നതിനും പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്കിടയിൽ ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമായി വിദഗ്ധർ, സ്പെഷ്യലിസ്​റ്റുകൾ, വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവരെ ഒരുമിപ്പിക്കുന്ന ആഗോള വേദിയാവുമിത്​.

സമ്മേളനത്തിൽ 80ലധികം സംവാദ സെഷനുകളും 60 പ്രത്യേക വർക്​ഷോപ്പുകളും നടക്കും. അക്കാദമിക് വിദഗ്ധരും ഗവേഷകരും ഹജ്ജ് കാര്യാലയങ്ങളുടെ പ്രതിനിധികളുമുൾപ്പെടെ 95ലധികം വിദഗ്ധരും പ്രഭാഷകരും പങ്കെടുക്കും. ലോകമെമ്പാടുമുള്ള 2,400ലധികം പരിശീലകർക്ക് ഈ പരിപാടി പ്രയോജനപ്പെടും.

കൂടാതെ 52,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള പ്രദർശന വേദിയിൽ 13 മേഖലകളിൽനിന്നുള്ള 260-ലധികം പ്രദർശകർ അണിനിരക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ‘ഈഷാത്തോൺ’, പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന ‘വിശുദ്ധ സ്ഥലങ്ങളെ മാനുഷികമാക്കൽ’ തുടങ്ങിയ നൂതന സംരംഭങ്ങളും കോൺഫറൻസിൽ അവതരിപ്പിക്കും. ഒന്നര ലക്ഷം സന്ദർശകരെയാണ് ഈ വർഷത്തെ പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Fifth Hajj Conference and Exhibition to begin in Jeddah from Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.