ജിദ്ദ: ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പ് വീണ്ടും അറബ് മണ്ണിൽ വിരുന്നെത്തിയ ആഹ്ലാദത്തിൽ ആരാധകർ. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് ഉദ്ഘാടന ചടങ്ങും ആദ്യമത്സരവും നടക്കുക. രാത്രി 8.35 മുതലാണ് ഉദ്ഘാടന ചടങ്ങ്. 25 മിനിറ്റ് നീണ്ടുനിൽക്കുന്ന ചടങ്ങിൽ അന്താരാഷ്ട്ര കലാസംഘങ്ങളായ സ്വീഡിഷ് ഹൗസ് മാഫിയ, ബസ്റ്റ റൈംസും എന്നിവരുടെ പരിപാടികൾ അരങ്ങേറും. ഒമ്പതിന് ഉദ്ഘാടന മത്സരത്തിൽ സൗദി റോഷൻ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദും ന്യൂസിലാൻറ് ടീമായ ഒാക്ലാൻറ് സിറ്റിയും ഏറ്റുമുട്ടും.
കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി, അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ജൗഹറ സ്റ്റേഡിയത്തിൽ 63,000 കാണികളെയും അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിൽ 27,000 കാണികളെയും ഉൾക്കൊള്ളാൻ കഴിയും. ഒടുവിലത്തെ ആറ് ഫിഫ ക്ലബ് ലോക കപ്പുകൾ അറബ് ലോകത്തെ സ്റ്റേഡിയങ്ങളിലാണ് നടന്നത്. അതേ പെരുമയുടെ തുടർച്ചയായാണ് ജിദ്ദയിൽ വീണ്ടും ലോകകപ്പ് എത്തുന്നത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ടെങ്കിലും സൗദി അറേബ്യ ഇതാദ്യമായാണ് ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതോടെ ക്ലബ് ലോകകപ്പ് സംഘടിപ്പിക്കുന്ന ബഹുമതി നേടുന്ന നാലാമത്തെ അറബ് രാജ്യമായി സൗദി അറേബ്യ മാറി. യു.എ.ഇ, ഖത്തർ, മോറോക്കോ എന്നീ രാജ്യങ്ങളാണ് നേരത്തെ ക്ലബ് ലോകകപ്പിന് വേദിയായത്. ഏഴ് ക്ലബുകൾ എന്ന പഴയ സമ്പ്രദായത്തിൽ ലോകകപ്പ് ക്ലബ് ഫുട്ബാൾ നടത്തുന്ന അവസാനത്തെ ടൂർണമെൻറാണ് ഇത്. 2025ൽ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന അടുത്ത ടൂർണമെൻറ് പുതിയ സംവിധാനത്തിലാണ് നടക്കുക.
2005ലെ ക്ലബ് ലോകകപ്പിനുശേഷം ഏഷ്യൻ ഭൂഖണ്ഡത്തെ പ്രതിനിധാനം ചെയ്ത് രണ്ടാം തവണയാണ് അൽ ഇത്തിഹാദ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ പങ്കെടുത്ത ടീം എന്ന കീർത്തിയുമായാണ് ഓക്ലൻഡ് സിറ്റിയെത്തുന്നത്. ഇത് 11ാമത്തെ തവണയാണ് ഓക്ലൻഡ് സിറ്റി മത്സരിക്കുന്നത്. ഇത്തിഹാദിനെതിരെ ആദ്യ റൗണ്ട് കളിക്കാൻ ഓക്ലൻഡ് സിറ്റി താരങ്ങൾ നാലു ദിവസം മുമ്പേ ജിദ്ദയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.