ഒഴിഞ്ഞുകിടക്കുന്ന വസ്തുക്കൾക്കും കെട്ടിടങ്ങൾക്കും ഫീസ് ചുമത്തും: നിർണായക നിയമത്തിന്​ സൗദി മന്ത്രാലയത്തി​െൻറ അംഗീകാരം

റിയാദ്: രാജ്യത്തെ റിയൽ എസ്​റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതിനായി ഒഴിഞ്ഞുകിടക്കുന്ന വസ്തുവകകൾക്ക് ഫീസ് ചുമത്തുന്നതിനുള്ള എക്സിക്യൂട്ടീവ് റെഗുലേഷന് സൗദി മുൻസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം അംഗീകാരം നൽകി. ബുധനാഴ്ചയാണ് മന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

റിയൽ എസ്​റ്റേറ്റ് മേഖലയുടെ പുരോഗതിക്കും വിപണിയിലെ സുസ്ഥിരതയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ നടപടി. നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം ‘ഒഴിഞ്ഞുകിടക്കുന്നവ’ എന്ന് കണ്ടെത്തുന്ന വസ്തുവകകൾ നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന ഉപാധിയായാണ് ഈ ചട്ടങ്ങൾ പ്രവർത്തിക്കുക.

റിയൽ എസ്​റ്റേറ്റ് ആസ്തികളുടെ ഉപയോഗക്ഷമത പരമാവധി വർധിപ്പിക്കുക എന്നതാണ് ഈ നിയമത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന വസ്തുവകകൾ വിപണിയിലേക്ക് എത്തിക്കുന്നതിനും, അതുവഴി വിപണിയിൽ ലഭ്യമായ കെട്ടിടങ്ങളുടെയും ഭൂമിയുടെയും എണ്ണം വർധിപ്പിച്ച് ആവശ്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും ഇത് സഹായിക്കും. വിപണിയിലെ വിലനിലവാരവും ലഭ്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ഈ നീക്കം അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഈ നിയമം ഏതൊക്കെ നഗരങ്ങളിലാണ് നടപ്പാക്കുക എന്നതിനെക്കുറിച്ചും, അതി​െൻറ ഭൂമിശാസ്ത്രപരമായ പരിധിയെക്കുറിച്ചും വരും ദിവസങ്ങളിൽ മന്ത്രാലയം വിശദമായ അറിയിപ്പ് നൽകും. നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രായോഗിക ഘട്ടത്തിലേക്ക് മാറുന്ന നഗരങ്ങളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Fees to be Imposed on Vacant Lands and Buildings: Saudi Ministry Approves Crucial Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.