റിയാദ്: സ്വദേശിവത്കരണ നടപടികളിൽ കൃത്രിമം കാണിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം. വിവിധ സ്ഥാപനങ്ങളിൽ 'വ്യാജ സൗദിവത്കരണ' സൂചകങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയത്തിെൻറ ഈ നീക്കം.
ലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ മന്ത്രാലയത്തിെൻറ നിരീക്ഷണത്തിലുള്ള സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് ഇത്തരത്തിൽ സംശയാസ്പദമായ സൂചകങ്ങൾ കാണിച്ച ഭൂരിഭാഗം സ്ഥാപനങ്ങളും പിന്നീട് നിയമലംഘനം നടത്തിയതായി സ്ഥിരീകരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, സ്ഥാപനങ്ങളുടെ രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വദേശി ജീവനക്കാർ യഥാർഥത്തിൽ അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, നിയമപരമായ അപാകതകൾ ഉണ്ടെങ്കിൽ അവ എത്രയും വേഗം പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മുന്നറിയിപ്പുകൾ അവഗണിക്കുകയും കൃത്രിമത്വങ്ങൾ തിരുത്താതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇരട്ട പ്രഹരമായിരിക്കും ലഭിക്കുക.
‘നിതാഖാത്ത്’ പ്രോഗ്രാമിൽ നിന്നുള്ള ആനുകൂല്യങ്ങൾ റദ്ദാക്കുന്നതിനൊപ്പം കടുത്ത നിയമപരമായ ശിക്ഷാ നടപടികളും ഒരേസമയം ഇവർ നേരിടേണ്ടി വരും. സ്വകാര്യ സ്ഥാപനങ്ങൾ രാജ്യത്തെ നിയമങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് മന്ത്രാലയത്തിെൻറ ഈ നടപടി. കൂടാതെ, സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും ലംഘനങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.