നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വസിക്കാം; സൗദിയിലേക്ക് നേരിട്ട്​ പ്രവേശനം

ജിദ്ദ: ഇന്ത്യ അടക്കമുള്ള ആറ് രാജ്യങ്ങളിൽനിന്ന് ഡിസംബർ ഒന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്ന തീരുമാനം പതിനായിരക്കണക്കിന്​ പ്രവാസികൾക്ക്​ ആശ്വാസമാകും. നാട്ടിൽ നിന്നു തിരിച്ചുവരാൻ കാത്തിരിക്കുന്നവരാണ്​ അവർ.

കോവിഡിനെ തുടർന്ന് 2020 മാർച്ച് 15 മുതലാണ് സൗദി അറേബ്യ എല്ലാ അന്താരാഷ്​ട്ര വിമാന സർവിസുകളും നിർത്തിവെച്ചത്. കോവിഡ്​ വാക്സിനേഷനും പ്രതിരോധ നടപടികളും ശക്തമാക്കിയതോടെ ഈ വർഷം ഫെബ്രുവരി മൂന്ന് മുതൽ ഉപാധികളോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർവിസിന് ആഭ്യന്തര മന്ത്രാലയം അനുവാദം നൽകിയിരുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്ക് വിലക്ക് തുടർന്നു.

മെയ് 17ന് രാജ്യത്തി​െൻറ മുഴുവൻ അതിർത്തികളും തുറന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുള്ള വിലക്ക്​ തുടർന്നു. വിലക്കില്ലാത്ത മറ്റു ഏതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷമേ സൗദിയിലേക്ക്​ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇത് അവധിക്ക് നാട്ടിൽ പോയ ലക്ഷക്കണക്കിന് പ്രവാസികളെ പ്രയാസത്തിലാക്കി. ഇത്തരത്തിൽ സൗദിയിലേക്കെത്താൻ ഏറ്റവും എളുപ്പ മാർഗമായി തുടക്കത്തിൽ പ്രവാസികൾ ആശ്രയിച്ചിരുന്ന ദുബൈ, ബഹ്‌റൈൻ എന്നിവ സൗദിയുടെ വിലക്കുള്ള രാജ്യങ്ങളിൽ ഉൾപ്പെട്ടതോടെ വീണ്ടും പ്രതിസന്ധി കനത്തു.

ഭീമമായ ടിക്കറ്റ്, ക്വാറൻറീൻ ചെലവുകൾ വഹിച്ച്​ മാലദ്വീപ്, അർമേനിയ, നേപ്പാൾ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ചുറ്റിയായിരുന്നു പ്രവാസികളിൽ പലരും സൗദിയിൽ മടങ്ങിയെത്തിയത്. ഇതിനിടയിൽ ചില ട്രാവൽ ഏജൻസികൾ ചൂഷണത്തിനും മുതിർന്നു. ഇവരുടെ കെണിയിൽ കുടുങ്ങി പണം നഷ്​ടപ്പെട്ടവരും യാത്ര മുടങ്ങിയവരും നിരവധി. സൗദിയിലേക്ക് നേരിട്ടുള്ള വിമാനസർവിസ് ഉടനുണ്ടാകും എന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു നാട്ടിൽ കുടുങ്ങിയവർ.

മടങ്ങാൻ സാധിക്കാതിരുന്ന പലർക്കും ജോലി നഷ്​ടപ്പെട്ടു. കഷ്​ടപ്പെട്ട്​ മടങ്ങിയെത്തിയവർക്കാവ​ട്ടെ നേരത്തെയുണ്ടായിരുന്ന ജോലി നഷ്​ടപ്പെട്ട്​ മറ്റു ജോലികൾ തേടേണ്ടി വന്നു. സൗദിയിൽ നിന്നു രണ്ട്‍ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് രാജ്യത്തേക്ക് വരാമെന്ന ഇളവ്​ ആഗസ്​റ്റ്​ 24 മുതലുണ്ടായത്​ കുറച്ചു പേർക്കെങ്കിലും ആശ്വാസമായി. പക്ഷേ നാട്ടിൽ കുടുങ്ങിയ മഹാഭൂരിപക്ഷവും ഈ ഗണത്തിൽ പെടാത്തവാരായതിനാൽ ഇളവിൽ നിന്ന്​ പുറത്തായി.

ഇതിനിടെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് യു.എ.ഇ ഒഴിവായതോടെ വീണ്ടും പ്രവാസികൾക്ക് താരതമ്യേന കുറഞ്ഞ ചെലവിൽ ദുബൈ വഴി സൗദിയിലേക്ക്​ മടങ്ങാൻ സാധിച്ചത് തെല്ലൊരാശ്വാസമായി. എന്നാൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ പൂർണമായും ഒഴിവാക്കി കൊണ്ടുള്ള സൗദിയുടെ പ്രഖ്യാപനം വ്യാഴാഴ്​ച രാത്രി പുറത്തുവന്നതോടെ മുഴുവനാളുകൾക്കും ആശ്വാസമായി മാറുകയായിരുന്നു.

പുതിയ പ്രഖ്യാപനം അനുസരിച്ച് ഡിസംബർ ഒന്നിന് ബുധനാഴ്ച പുലർച്ചെ ഒരു മണി മുതൽ ഇന്ത്യ, പാകിസ്​താൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന്​ സൗദിയിലേക്ക് നേരിട്ട് യാത്ര നടത്താം. നിലവിൽ ഈ രാജ്യങ്ങളിൽ നിന്നു സൗദിയിലേക്ക് വരുന്നവർ മൂന്നാമതൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കണമെന്ന നിബന്ധനയാണ് ഒഴിവായത്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദിക്ക് പുറത്തുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്​ പരിഗണിക്കാതെ അഞ്ച് ദിവസം ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരടക്കം നേരത്തെ ഇളവുള്ള വിഭാഗങ്ങൾക്ക് ക്വാറൻറീൻ ഇല്ലാതെ തന്നെ ഇനിയും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ചിട്ടുള്ള എല്ലാ മുൻകരുതൽ, പ്രതിരോധ നടപടികളും യാത്രക്കാർ പാലിക്കേണ്ടതി​െൻറ പ്രാധാന്യവും മന്ത്രാലയം ഊന്നിപറഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വർഷം മാര്‍ച്ചിൽ നിർത്തിവെച്ചിരുന്ന അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ ഡിസംബര്‍ 15 മുതൽ പുനഃരാരംഭിക്കുമെന്ന ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തി​െൻറ അറിയിപ്പ് കൂടി വന്ന സാഹചര്യത്തിൽ സൗദി-ഇന്ത്യ നേരിട്ടുള്ള വിമാന സർവിസുകൾക്കുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടുണ്ട്.

ഇതോടെ നേരത്തെ ഇരു രാജ്യങ്ങൾക്കിടയിലും നേരിട്ട് സർവിസ് നടത്തിയിരുന്ന സൗദിയ, എയർ ഇന്ത്യ തുടങ്ങിയ വിമാനകമ്പനികൾ തങ്ങളുടെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിച്ചേക്കും. തുർക്കി, എത്യോപ്യ, അഫ്ഗാനിസ്​താൻ, ലെബനൻ എന്നിവയാണ് ഇനിയും സൗദിയിലേക്ക് യാത്രാ നിരോധനം നേരിടുന്ന അവശേഷിക്കുന്ന രാജ്യങ്ങൾ.

Tags:    
News Summary - Expatriates stranded at home can have direct access to Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.