സൗദി സ്ഥാപകദിനാഘോഷത്തിൽ അൽയാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ് സംസാരിക്കുന്നു,
റിയാദ്: വർണശബളമായ ഘോഷയാത്രയോടെയും കലാസാംസ്കാരിക പരിപാടികളോടെയും സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തിൽ പങ്കുചേർന്ന് പ്രവാസി വെൽഫെയർ റിയാദ് ഘടകം. മലസ് കിങ് അബദുല്ല പാർക്കിന് സമീപം നടന്ന ആഘോഷപരിപാടിയിൽ കുട്ടികളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. സൗദി പൗരപ്രമുഖനായ നായിഫ് മുഹമ്മദ് ഫഹദ് അൽ ഉവൈസ് കേക്ക് മുറിച്ച് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കുറിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
രാജ്യം ചരിത്രത്തെ ഓർമപ്പെടുത്തി സാംസ്കാരിക പൈതൃകങ്ങളെ പരിചയപ്പെടുത്തുമ്പോൾ ഇന്ത്യൻ സമൂഹമെന്ന നിലയിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കാഴ്ചകൾ സുന്ദരമാണെന്ന് മുഖ്യപ്രഭാഷകൻ അൽയാസ്മിൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ് പറഞ്ഞു.
സൗദി പൗരന്മാരെയും മാധ്യമപ്രവർത്തകരെയുമൊക്കെ ഉൾകൊള്ളിച്ചു ഇത്ര വിപുലമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് സംസ്കാരങ്ങൾ തമ്മിൽ കൂടുതൽ അടുക്കാനും ഇന്ത്യയും സൗദിയും തമ്മിലുള്ള രാജ്യാന്തര ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കാനും സഹായിക്കുമെന്ന് ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ച പ്രവാസി പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട് പറഞ്ഞു.
ഇന്ത്യൻ എംബസി പ്രസ് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ വിഭാഗം ഉദ്യോഗസ്ഥൻ സജിൻ നിഷാൻ, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഷഹനാസ് സാഹിൽ, പ്രവാസി സൗദി നാഷനൽ കമ്മിറ്റിയംഗം സലീം മാഹി എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ സൗദി, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. ഹനിയ യാസിർ, റയാൻ, ആയിശ, ഹനൂഫ്, ഇശൽ, സെഹ്റ എന്നിവർ വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു.
ആദ്യകാല പ്രവാസി ബഷീർ പാരഗൺ, നാഷണൽ കമ്മിറ്റിയംഗം ഖലീൽ പാലോട് തുടങ്ങിയവ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി ട്രഷറർ ലബീബ് മാറഞ്ചേരി, ജസീറ അജ്മൽ, ഫജ്ന ഷഹ്ദാൻ, അബ്ദുറഹ്മാൻ മൗണ്ടു, അഡ്വ. ഷാനവാസ്, അഫ്സൽ ഹുസൈൻ, അസ്ലം മാസ്റ്റർ, റിഷാദ് എളമരം, സഈദ് അലി, അസീസ് വെള്ളില എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രവാസി ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ സ്വാഗതവും വൈസ് പ്രസിഡന്റ് അംജദ് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.