ഡോ. സുമി തങ്കച്ചൻ, ജനറൽ ഫിസിഷ്യൻ,
ഇസ്മ മെഡിക്കൽ സന്റെർ
മെട്രോ ഖലീജ് സ്റ്റേഷന്
സമീപം, റിയാദ്
വേനൽക്കാല ആരോഗ്യപരിരക്ഷ ഇത് ചുട്ടുപൊള്ളുന്ന വേനൽക്കാലമാണ്. ഈ കാലാവസ്ഥയിൽ നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ, ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ശരീരത്തിലെ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
ചൂടിന്റെ ആധിക്യത്താൽ ശരീരം ഏറെ വിയർക്കുന്നു. ഇതിലൂടെ ശരീരത്തിലെ ജലാംശവും ലവണങ്ങളും (സോഡിയം, പൊട്ടാഷ്യം മുതലായവ) നഷ്ടപ്പെടുന്നു. ഇതിനെ മറികടക്കാൻ പ്രതിദിനം രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക. വേനൽക്കാലത്ത് ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുവാൻ സാധ്യത ഏറെയാണ്. ശരീരക്ഷീണം, തളർച്ച, തലകറക്കം, ഛർദ്ദിക്കാൻ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അവയെ അവഗണിക്കരുത്. ശരീരതാപനില ഉയരുകയോ ഹൃദയമിടിപ്പ് കൂടുകയോ ചെയ്യുന്നുവെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഹൃദ്രോഗമുള്ളവരും വൃക്ക സംബന്ധമായ അസുഖമുള്ളവരും വേനൽക്കാലത്ത് കൂടുതൽ ജാഗ്രത പാലിക്കണം. കൂടാതെ, വെയിലത്ത് തുറസ്സായ സ്ഥലങ്ങളിലും ഭക്ഷണ ശാലകളിലെ ചൂടുള്ള പരിസരങ്ങളിലും ജോലി ചെയ്യുന്നവർ നിശ്ചിത കാലയളവിൽ രക്തസമ്മർദം പരിശോധിക്കുന്നത് നല്ലതാണ്. പഴവർഗങ്ങളും പച്ചക്കറിയും ചേർത്തുള്ള ഭക്ഷണക്രമം പാലിക്കുക. ദഹനം സുഗമമാകാനും ശരീരത്തിൽ ജലാംശം നിലനിർത്താനും പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക.
വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ ദഹനക്കുറവ്, മൂത്രത്തിലെ പഴുപ്പ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ശുചിത്വം, വസ്ത്രധാരണം, മാസ്ക് ഉപയോഗം എന്നിവയിലും ശ്രദ്ധപുലർത്തണം. വേനൽക്കാലത്ത് പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാൻ വ്യക്തിഗത ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. വേനൽചൂട് ശരീരത്തെ ബാധിക്കാതിരിക്കാൻ കോട്ടൺ നിർമിതവും അയവുള്ളതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക. ആസ്തമ, അലർജി പോലുള്ള രോഗങ്ങൾ ഉള്ളവർ പൊടിക്കാറ്റുള്ള സമയങ്ങളിൽ മാസ്ക് ധരിക്കുക. ആരോഗ്യപരിശോധനക്ക് സമയം കണ്ടെത്തുക.
പരിശോധനക്ക് വിധേയമാക്കേണ്ട പ്രധാന ഘടകങ്ങൾ
1. രക്തസമ്മർദം
2. രക്തത്തിലെ പഞ്ചസാര
3. വൃക്ക പ്രവർത്തനം
4. മൂത്രത്തിലെ പ്രോട്ടീൻ അളവ്
5. ശരീരത്തിലെ ജലാംശം
ഇവ സമയബന്ധിതമായി പരിശോധിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമാണ്.
ഓർക്കുക, ആരോഗ്യമാണ് വലിയ സമ്പത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.