റിയാദ്: ഹജ്ജ് നിർവഹിക്കുന്നതിന് തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ നിയമാനുസൃത അവധിക്ക് അർഹതയുണ്ടെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധത്തിൽ ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള വ്യവസ്ഥകളിൽ ഇൗ നിയമവുമുണ്ട്. തൊഴിൽ സംവിധാനത്തിലെ തൊഴിലാളികൾക്ക് ഹജ്ജ് അവധിക്ക് യോഗ്യത നേടുന്നതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും ‘എക്സ്’ പ്ലാറ്റ്ഫോമിലെ അക്കൗണ്ട് വഴിയാണ് മന്ത്രാലയം വ്യക്തമാക്കിയത്.
ഈദുൽ അദ്ഹ അവധി ഉൾപ്പെടെ 10 ദിവസത്തിൽ കുറയാത്തതും 15 ദിവസത്തിൽ കൂടാത്തതുമായ ശമ്പളത്തോടുകൂടിയ അവധിക്ക് തൊഴിലാളിക്ക് അർഹതയുണ്ട്. മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലെങ്കിൽ സേവന കാലയളവിൽ ഒരിക്കൽ ഹജ്ജ് നിർവഹിക്കുന്നതിന് ശമ്പളത്തോടെയുള്ള അവധി ലഭിക്കാൻ ഹജ്ജ് അവധിക്കുള്ള വ്യവസ്ഥകൾ തൊഴിലാളിക്ക് അവകാശം നൽകുന്നു. അവധിക്ക് അർഹത ലഭിക്കാൻ തൊഴിലാളി കുറഞ്ഞത് രണ്ട് വർഷമെങ്കിലും തുടർച്ചയായി തൊഴിലുടമയിൽ ജോലി ചെയ്തിരിക്കണം. ജോലി ആവശ്യകതകൾക്കനുസരിച്ച് വർഷം തോറും ഈ അവധി അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിർണയിക്കാൻ തൊഴിലുടമക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.