ജിദ്ദ: സൗദിയുടെ വിവിധ മേഖലകളിൽ മയക്കുമരുന്നുവേട്ട കൂടുതൽ ഊർജിതപ്പെടുത്തി കസ്റ്റംസ്. ഒരാഴ്ചക്കിടയിൽ നൂറിലേറെ പ്രതികളെ പിടികൂടി. കര, കടൽ, വ്യോമ മാർഗങ്ങളിലൂടെയുള്ള കടത്ത് ശ്രമങ്ങൾ തടഞ്ഞുകൊണ്ട് 1084 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.രാജ്യത്ത് നിരോധിക്കപ്പെട്ട 599 ഔഷധ ഗുളികകളും 58 ഇനം മയക്കുമരുന്ന് വസ്തുക്കളുമാണ് പിടികൂടിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് അറിയിച്ചു. 1,806 പുകയില ഉൽപന്നങ്ങൾ, 39 തരം കറൻസികൾ, രണ്ട് തരം ആയുധങ്ങൾ, മറ്റു അനുബന്ധ സാധനങ്ങൾ എന്നിവയും കസ്റ്റംസ് തുറമുഖങ്ങളിൽനിന്ന് പിടികൂടി. സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ദേശീയ സമ്പദ് വ്യവസ്ഥയുടെ വ്യവസ്ഥാപിത നിലനിൽപും കൈവരിക്കുന്നതിന് വിവിധ സുരക്ഷ വിഭാഗങ്ങളുടെ കൂട്ടായ സഹകരണത്തോടെയും ഏകോപനത്തിലൂടെയുമാണ് കേസുകൾ കൃത്യമായി കണ്ടെത്തുന്നതെന്ന് സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
സൗദിയിലേക്കുള്ള കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽ പെടുകയോ കുറ്റവാളികളെ കണ്ടെത്തുകയോ ചെയ്താൽ ആ വിവരം രാജ്യത്തെ ഏതെങ്കിലും സുരക്ഷ വിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിനെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ 995 എന്ന നമ്പറിലോ 995@gdnc.gov.sa എന്ന ഇമെയിലിലോ റിപ്പോർട്ട് ചെയ്യാം. വിവരങ്ങൾ ശരിയാണെങ്കിൽ അറിയിക്കുന്നവർക്ക് സാമ്പത്തികമായ പാരിതോഷികം നൽകും. അവരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.