ജിദ്ദ: സൗദിയുടെ വിവിധ മേഖലകളിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കി അധികൃതർ. വിവിധ മേഖലകളിൽനിന്ന് വിവിധ മയക്കുമരുന്ന് വസ്തുക്കൾ കടത്താൻ ശ്രമിച്ച ധാരാളം പ്രതികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്.
പഴുതടച്ച പരിശോധനകൾ വിവിധ ഭാഗങ്ങളിൽ അധികൃതർ ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസം മാത്രം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 2,60,000 മയക്കുമരുന്ന് വിഭാഗത്തിൽ പെടുന്ന ആംഫെറ്റാമൈൻ ഗുളികകളും 10 കിലോ മയക്കുമരുന്ന് വസ്തുക്കളിൽ പെടുന്ന ക്രിസ്റ്റൽ മെത്തും പിടികൂടിയതായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
നാല് കള്ളക്കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പരാജയപ്പെടുത്തിയത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദുബ തുറമുഖം, അൽബത്ത അതിർത്തി ക്രോസിംഗ് എന്നിവിടങ്ങളിൽ വെച്ചാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. ആദ്യ ശ്രമത്തിൽ, ദുബ തുറമുഖത്തെ ഇൻസ്പെക്ടർമാർ മരമേശകളുടെ ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 50,000 ആംഫെറ്റാമൈൻ ഗുളികകൾ കണ്ടെത്തി.
രണ്ടാമത്തേതിൽ ജിദ്ദ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഒരു യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 20,200 മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. അൽബത്ത ക്രോസിംഗിൽ ഒരു ട്രക്കിന്റെ തറയിലെ അറകളിൽ ഒളിപ്പിച്ച നിലയിൽ 1,92,000 ആംഫെറ്റാമൈൻ ഗുളികകൾ ഇൻസ്പെക്ടർമാർ പിടികൂടി.
അതേ അതിർത്തി പോയിന്റിലൂടെ എത്തിയ മറ്റൊരു ട്രക്കിൽ ഒളിപ്പിച്ച നിലയിൽ 10 കിലോഗ്രാം മെത്താംഫെറ്റാമൈനും അധികൃതർ കണ്ടെത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപിപ്പിച്ചതിനെ തുടർന്നാണ് കള്ളക്കടത്ത് പിടികൂടിയതെന്ന് സാറ്റ്ക വക്താവ് ഹമൂദ് അൽ ഹർബി പറഞ്ഞു.
രാജ്യത്തിനുള്ളിൽ മയക്കുമരുന്ന് സ്വീകരിക്കാൻ സജ്ജമാക്കിയ മൂന്ന് വ്യക്തികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയുടെ അതിർത്തികൾ നിരീക്ഷിക്കുന്നതിലും, കള്ളക്കടത്തുകാർ പ്രവേശന തുറമുഖങ്ങൾ ചൂഷണം ചെയ്യുന്നത് തടയുന്നതിലും മയക്കുമരുന്നിന്റെയും മറ്റ് കള്ളക്കടത്തിന്റെയും അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള തന്ത്രം ഉയർത്തിപ്പിടിക്കുന്നതിലും അതോറിറ്റി ജാഗ്രത പാലിക്കുന്നുണ്ടെന്ന് അൽ ഹർബി ഊന്നിപ്പറഞ്ഞു.
മയക്കുമരുന്നിനെതിരായ പോരാട്ടം രാജ്യത്തിന്റെ മുൻഗണനകളിലൊന്നായി കാണുന്നുവെന്നും വിവിധ കസ്റ്റംസുകളിലും അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കുന്നത് തുടരുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. സമൂഹത്തെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി മയക്കുമരുന്ന് കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേരാനും സഹകരിക്കാനും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെടുകയോ കുറ്റവാളികളെ കണ്ടെത്തുകയോ ചെയ്‌താൽ ആ വിവരം രാജ്യത്തെ ഏതെങ്കിലും സുരക്ഷാ വിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അധികൃതരെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ 1910 നമ്പറിൽ വിളിച്ചു പറയുകയോ 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ അറിയിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ ശരിയാണെങ്കിൽ വിവരം അറിയിക്കുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുന്നതിനൊപ്പം അവരുടെ വിവരങ്ങൾ രഹസ്യമാക്കിവെക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.