ഡോണൾഡ് ട്രംപ്, വ്ളാഡിമിർ പുടിൻ അലാസ്ക ഉച്ചകോടിയിൽ
റിയാദ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഒരുമിച്ച് പങ്കെടുത്ത അലാസ്ക ഉച്ചകോടിയെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. അന്താരാഷ്ട്ര തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു മാർഗമായി നയതന്ത്ര സംഭാഷണത്തിനുള്ള പിന്തുണ സൗദി ആവർത്തിച്ചു.
റഷ്യ-യുക്രൈയിൻ പ്രതിസന്ധി സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനും രണ്ട് സൗഹൃദ രാജ്യങ്ങൾക്കിടയിൽ സമാധാനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണ അറിയിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി
നേരത്തെ ത്രിരാഷ്ട്ര ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് അമേരിക്കയും റഷ്യയും ഉക്രെയ്നും തമ്മിലുള്ള ചർച്ചകളെ റിയാദ് പിന്തുണച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, തങ്ങളുടെ കാഴ്ചപ്പാടുകൾ കൂടുതൽ അടുപ്പിക്കുന്നതിൽ സൗദി അറേബ്യ വഹിച്ച പങ്കിനെ കൈവ്, വാഷിംഗ്ടൺ, മോസ്കോ എന്നിവർ അഭിനന്ദിച്ചു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയും സ്വാഗതം ചെയ്തു.
തർക്കങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നത്തിനുള്ള മാർഗം സഹകരണം, ക്രിയാത്മക സംഭാഷണം, സമാധാനപരമായ പരിഹാരങ്ങൾ എന്നിവയിലൂടെയാണെന്ന് ഊന്നിപ്പറഞ്ഞ സെക്രട്ടറി ജനറൽ, അലാസ്ക ഉച്ചകോടിയോടൊപ്പമുണ്ടായ നല്ല അന്തരീക്ഷത്തെ പ്രശംസിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സമാധാനപരമായ സംഭാഷണത്തെ പിന്തുണക്കുന്നതിലും, റഷ്യൻ-ഉക്രൈനിയൻ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും ശക്തിപ്പെടുത്തുന്നതിലും പിന്തുണക്കുന്നതിലും അധിഷ്ഠിതമായ ജി.സി.സി രാജ്യങ്ങളുടെ ഉറച്ച നിലപാട്, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.