റിയാദ്: പുതുവർഷത്തിൽ സൗദി അറേബ്യയിൽ ഇന്ധന, പാചക വാതക വിലയിൽ വർധന. ഡീസൽ വിലയിൽ 7.8 ശതമാനമാണ് വില വർധിപ്പിച്ചത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില കൂട്ടിയതായി പ്രഖ്യാപിച്ചത്. ഇതോടെ ഡീസൽ വില ലിറ്ററിന് 1.79 റിയാലായി. അരാംകോ 2022 മുതൽ വർഷാരംഭത്തിൽ ഡീസൽ വില പുനഃപരിശോധിക്കുന്നത് പതിവാണ്. 2015 വരെ ലിറ്ററിന് 0.25 റിയാലായിരുന്ന ഡീസൽ വില പിന്നീട് ഘട്ടംഘട്ടമായി ഉയർത്തുകയായിരുന്നു. വാർഷിക പുനഃപരിശോധനയിലെ അഞ്ചാമത്തെ വില പുതുക്കലാണ് ഇത്തവണത്തേത്.
രാജ്യത്തെ എല്ലാ മേഖലകളിലും പാചകവാതകം നിറയ്ക്കുന്നതിനുള്ള വില ഏകീകരിക്കുന്നതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്‌കോ) അറിയിച്ചു. ജനുവരി ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമാണ് പുതുക്കിയ വില. കേന്ദ്ര ഗ്യാസ് ടാങ്കുകൾക്ക് ലിറ്ററിന് 1.1770 റിയാൽ എന്ന നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ഗതാഗതച്ചെലവും മൂല്യവർധിത നികുതിയും (വാറ്റ്) ഉൾപ്പെടുത്തിയതാണ് ഈ നിരക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.