ഡിഫ സൂപ്പർ കപ്പ് വിജയികളായ ബദർ എഫ്.സിക്ക് സാബിത്ത് പാവറട്ടി, ലിയാഖത്തലി കരങ്ങാടൻ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിക്കുന്നു
ദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ റാക്കയിലെ സ്പോർട്ട്യാർഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഡ്രീം ഡെസ്റ്റിനേഷൻസ് ഡിഫ സൂപ്പർ കപ്പിന് സമാപനം. അസർ അൽഅൻഷാത്ത് ഇ.എം.എഫ് റാക്ക എഫ്.സിയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി കംഫർട്ട് ട്രാവൽസ് ബദർ എഫ്.സി ചാമ്പ്യന്മാരായി. ഫൈനൽ പോരാട്ടത്തിൽ ഇ.എം.എഫ് റാക്ക എഫ്.സി ക്യാപ്റ്റൻ ജാബിർ ആദ്യ ഗോൾ നേടി. ബദർ വൈകാതെ ഹസ്സനിലൂടെ സമനില നേടി. ഉനൈസ്, അനീസ്, ഫവാസ് ത്രയം മിഡ്ഫീൽഡിൽ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞപ്പോൾ ബദറിന്റെ പ്രത്യാക്രമണ ശ്രമങ്ങൾക്ക് വേഗം കൈവരുകയും സനൂജിലൂടെ അവർ ആദ്യ ലീഡ് നേടുകയും ചെയ്തു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹസ്സൻ രണ്ടാം ഗോൾ നേടിയതോടെ ബദറിന്റെ ലീഡ് മൂന്നായി.
അനീസിന്റെ ഒരു ത്രൂബാൾ പിടിച്ചെടുത്ത് ഇ.എം.എഫ് പ്രതിരോധനിരയെ ഒന്നൊന്നായി വകഞ്ഞുമാറ്റി ഫവാസ് കിഴിശ്ശേരി ബദറിനായി നേടിയ നാലാം ഗോൾ ടൂർണമെന്റിലെ തന്നെ മികച്ച ഗോളുകളിലൊന്നായി തീർന്നു. ഉനൈസ്, ഫവാസ്, സനൂജ് ടീമിന്റെ മുന്നേറ്റത്തിനൊടുക്കം ഹസ്സൻ തന്റെ ക്ലിനിക്കൽ ഫിനിഷിങ്ങിൽ ബദറിനായി ഹാട്രിക് തികച്ചപ്പോൾ മത്സരത്തിൽ ബദർ അഞ്ചാം ഗോളും നേടി. പ്രത്യാക്രമണത്തിനായി നിരന്തരശ്രമങ്ങർ നടത്തിയ ഇ.എം.എഫ് ദിൽഷാദിലൂടെ രണ്ടാം ഗോൾ നേടിയെങ്കിലും ബദറിന്റെ കിരീടനേട്ടത്തെ തടയാൻ അവർക്കായില്ല. മത്സരത്തിൽ ഹാട്രിക് നേടിയ ഹസ്സൻ തന്നെയായിരുന്നു മാൻ ഓഫ് ദ മാച്ച്. നവാസ് ചൂനാടൻ നേതൃത്വം നൽകിയ നാട്ടരങ്ങ് നാടൻപാട്ട് കൂട്ടത്തിന്റെ കലാസന്ധ്യയോടുകൂടി തുടങ്ങിയ ഡിഫ സൂപ്പർകപ്പ് സമാപനദിവസത്തിലെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ്, ബിജു കല്ലുമല എന്നിവർ ചേർന്ന് തിരിനാളം തെളിയിച്ചു. അന്തരിച്ച പ്രമുഖ കാൽപന്ത് സംഘാടകൻ റഷീദ് ഒറ്റപ്പാലത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച ചടങ്ങിൽ പ്രമുഖ സ്വദേശി പൗരന്മാരായ ഫഹദ് അലി അൽഫറജ്, സയ്യിദ് അബ്ദുല്ല റിസ്വി എന്നിവർ മുഖ്യാതിഥികളായിരുന്നു. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, മുഹമ്മദ് നജാത്തി എന്നിവരെ ചടങ്ങിൽ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ആദരിച്ചു. നിഹാൽ അഹമ്മദ്, പവനൻ മൂലക്കൽ, സിദ്ദീഖ് പാണ്ടികശാല, മഞ്ജു മണിക്കുട്ടൻ, ഷബീർ ചാത്തമംഗലം, ജനറൽ മാനേജർ സാബിത്ത് പാവറട്ടി, ലിയാഖത്തലി കരങ്ങാടൻ, ഷബ്ന തിരൂർ, മുഹമ്മദ് സാലിഹ്, ഷിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു. ഡിഫയുടെ 2020-21ലെ മികച്ച കളിക്കാരനായ ഫവാസ്, ടോപ് സ്കോററായ സുബൈർ, ഗോൾകീപ്പർമാരായ സാദിഖ്, മുജീബ് എന്നിവർക്ക് ഡിഫയുടെ പുരസ്കാരങ്ങൾ നൽകി.
ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി ഇ.എം.എഫിന്റെ ദിൽഷാദിനേയും ഡിഫൻഡറായി റഫീഖ്, ടോപ് സ്കോററായി സനൂജ്, ഗോൾകീപ്പറായി സാദിഖ് (മൂവരും ബദർ ക്ലബ്) എന്നിവരെ തിരഞ്ഞെടുത്തു. ഫയർപ്ലേ ട്രോഫി യൂത്ത് ക്ലബിന് ലഭിച്ചു. ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. അജ്മൽ റാഡ്ക്കം, നൗഷാദ് ഇരിക്കൂർ, അലി പാച്ചീരി റയാൻ, അസ്ലം കോളക്കാടൻ, സക്കീർ വള്ളക്കടവ്, റഫീഖ് വെൽക്കം, ഷമീർ കൊടിയത്തൂർ, തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. സ്വദേശി റഫറിമാരായ നാജി, സാക്കി, മഹ്മൂദ്, അബ്ദുറഹ്മാൻ കാളികാവ് എന്നിവർ മത്സരം നിയന്ത്രിച്ചു. ജംഷീർ കാർത്തികയെ ഏറ്റവും മികച്ച വളന്റിയറായി തിരഞ്ഞെടുത്തു. ഷനൂബ് കൊണ്ടോട്ടി, മൻസൂർ മങ്കട, ഷഫീർ മണലോടി, ലിയാഖത്തലി, സഹീർ മജ്ദാൽ, റിയാസ് പറളി, മുജീബ് പാറമ്മൽ, ഖലീൽ റഹ്മാൻ, ജൗഹർ കുനിയിൽ, അഫ്താബ്, ആശി നെല്ലിക്കുന്ന്, ജാബിർ ഷൗക്കത്ത്, ഫസൽ ജിഫ്രി, റഊഫ് ചാവക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടി സ്വാഗതവും ട്രഷറർ അഷ്റഫ് സോണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.