വലിയ സ്വപ്നങ്ങളുമായാണ് മിസ്ഹബ് (യഥാർഥ പേരല്ല) പ്രവാസിയായത്. പല ജോലികൾ ചെയ്തു, ചെറുകിട കച്ചവടങ്ങൾ നടത്തി. പക്ഷേ, ഒന്നും പച്ചപിടിച്ചില്ല. വിജയത്തിെൻറ വാതിലുകൾ തുറക്കപ്പെടാതെ, ബാച്ചിലർ റൂമിെൻറ നാല് ചുവരുകൾക്കുള്ളിൽ നിരാശയുടെയും സങ്കടത്തിെൻറയും വർഷങ്ങൾ നിശ്ശബ്ദമായി കടന്നുപോയി.
ഒടുവിൽ ഉള്ളിലെ വേദന ഒരു കൊടുങ്കാറ്റായി മാറി. ഏതോ നിമിഷത്തിൽ മനസ്സിെൻറ നിയന്ത്രണം നഷ്ടപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിെൻറ ‘ഉന്മാദത്തിെൻറ ദിനങ്ങളെ’ അനുസ്മരിപ്പിക്കും വിധം കൈയിലൊരു കത്തിയുമായി മിസ്ഹബ് ഫ്ലാറ്റിലൂടെ പരിഭ്രാന്തനായി നടന്നു. ഇടക്ക് കൂടെയുള്ളവരിലേക്ക് അക്രമോത്സുകനായി പാഞ്ഞടുത്തു. ഫ്ലാറ്റിലാകെ ഭീതി പടർന്നു. പലരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബഹളം കേട്ട് അയൽവാസികളായ ഞങ്ങളും അവിടെയെത്തി.
മിസ്ഹബിെൻറ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പല ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തവനെപ്പോലെ അവൻ ക്ഷീണിച്ചിരിക്കുന്നു. ആശ്വസിപ്പിക്കാനായി ഞങ്ങൾ പലതും പറഞ്ഞു നോക്കിയെങ്കിലും ഒന്നും അവെൻറ കാതുകളിൽ പതിഞ്ഞില്ല. കൈയിലുള്ള കത്തി എങ്ങനെയെങ്കിലും വാങ്ങി അവനെ രക്ഷിക്കണം, പക്ഷേ അടുത്തേക്ക് ചെല്ലാൻ എല്ലാവർക്കും പേടി.
ആ പരിഭ്രാന്തിക്കിടയിലാണ് ജുബൈലിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ സാഹിബിനെ വിളിക്കാൻ തോന്നിയത്. വിളിക്കേണ്ട താമസം, മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം അവിടെ പാഞ്ഞെത്തി. സാഹചര്യം മനസ്സിലാക്കിയ അദ്ദേഹം സൗമ്യതയോടെ മിസ്ഹബിെൻറ അടുത്തേക്കു ചെന്നു. അവെൻറ മുഖത്ത് നോക്കി ആർദ്രതയോടെ ‘മോനേ...’ എന്നൊന്ന് വിളിച്ചതും അവൻ കത്തി താഴെയിട്ടു.
ഒരു പിതാവിെൻറ നിറഞ്ഞ സ്നേഹമുണ്ടായിരുന്നു ആ ശബ്ദത്തിന്. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനിൽ ഒരു നിമിഷം മിസ്ഹബ് സ്നേഹനിധിയായ സ്വന്തം ബാപ്പയെ കണ്ടു കാണണം. കണ്ണുകളിലെ ക്രൗര്യം കണ്ണുനീരിൽ കുതിർന്ന് മാഞ്ഞുപോയി. ‘ബാപ്പാ...’ അവൻ തിരിച്ചുവിളിച്ചു. ആ വിളിയിൽ ഒരു മകെൻറ കീഴടങ്ങലുണ്ടായിരുന്നു. പിന്നീട് സാഹിബ് പറയുന്നത് അവൻ അനുസരിക്കാൻ തുടങ്ങി. ആ മാസ്മരികത കണ്ട് ഞങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടു.
മുൻകരുതലെന്നോണം പൊലീസിെൻറ സഹായത്തോടെ മിസ്ഹബിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനക്കു ശേഷം ഡോക്ടർ പറഞ്ഞു: ‘ശാരീരികാവസ്ഥയും മാനസികനിലയും മോശമാണ്. കൂടെ നിൽക്കാൻ ഒരാളുണ്ടെങ്കിൽ അഡ്മിറ്റ് ചെയ്യാം.’ മറ്റൊന്നും ആലോചിക്കാതെ സാഹിബ് പറഞ്ഞു: ‘ഈ അവസ്ഥയിൽ ഞാൻ തന്നെ കൂടെ നിൽക്കാം, അതാവും നല്ലത്.’ അദ്ദേഹം ഒരു ദിവസത്തേക്ക് കൂട്ടിരിക്കുമെന്നാണ് ഞങ്ങൾ കരുതിയത്.
എന്നാൽ നാല് പകലും നാല് രാത്രിയും അദ്ദേഹം ആ കട്ടിലിനരികിൽ നിഴലായിനിന്നു. അവൻ ഉറങ്ങുമ്പോൾ കസേരയിൽ ചാരിയിരുന്ന് അദ്ദേഹവും മയങ്ങി. അവൻ ഉണരുമ്പോൾ ‘ഭയപ്പെടണ്ട മോനേ, ഞാൻ ഇവിടെ തന്നെയുണ്ട്’ എന്ന് ആശ്വസിപ്പിച്ചു. സാമൂഹിക സേവനം ആർത്തലക്കുന്ന പ്രസംഗങ്ങളല്ല. മൈക്കിന് മുന്നിൽ നിൽക്കുന്ന വാർത്തകളുമല്ല. മറിച്ച് ആശുപത്രി കിടക്കക്കരികിൽ വിയർപ്പും ഉറക്കമില്ലായ്മയും പങ്കുവെക്കുന്ന നിശ്ശബ്ദമായ കാവലിൽ നമുക്കത് ദർശിക്കാം. സാഹിബ് അതാണ് ചെയ്തത്. ഒരു തകർന്ന മനുഷ്യ മനസ്സിനെ കരുതലോടെ അദ്ദേഹം ചേർത്തുപിടിച്ചു.
ആ വെളുത്ത നിറത്തിലുള്ള മതിലുകൾക്കുള്ളിൽ, സ്നേഹ ശുശ്രൂഷയുമായി ഒരു പിതാവിെൻറ രൂപത്തിൽ അദ്ദേഹം നിന്നു. നിസ്വാർത്ഥനായ ഒരു യഥാർഥ മനുഷ്യ സ്നേഹിയെയാണ് ആ ദിവസങ്ങളിൽ ഞങ്ങൾ കണ്ടത്. നാലാം ദിവസം ഉച്ചതിരിഞ്ഞ് മിസ്ഹബ് അല്പം ശാന്തനായി ഉറങ്ങുമ്പോഴാണ് സാഹിബ് എന്നെ വിളിച്ചത്: ‘സലാം, ഒന്ന് ഇവിടെ വരെ വരുമോ? ഞാനൊന്ന് മുറിയിൽ പോയി കുളിച്ചു വരാം. പോയിട്ടൊരു കാര്യവുമുണ്ട്.’ നാല് ദിവസത്തെ ഉറക്കമില്ലായ്മ ആ വാക്കുകളിൽ പ്രകടമായിരുന്നു. അധികം താമസിയാതെ ഞാൻ അവിടെയെത്തി. യാത്ര പറഞ്ഞ് സാഹിബ് പതുക്കെ പുറത്തേക്ക് നടന്നു.
പക്ഷേ, ആ ശാന്തത അധികം നീണ്ടില്ല. സാഹിബ് പോയി മിനിറ്റുകൾക്കുള്ളിൽ മിസ്ഹബ് ഉണർന്നു. വീണ്ടും കണ്ണുകളിൽ അസ്വസ്ഥത! പെട്ടെന്ന് അവൻ കിടക്കയിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് ഓടി. ഞാനും നഴ്സുമാരും സെക്യൂരിറ്റിയും പുറകെ. പരിഭ്രാന്തിയോടെ ഞാൻ സാഹിബിനെ വിളിച്ചു. ഭാഗ്യത്തിന് അദ്ദേഹം ആശുപത്രി പരിസരം വിട്ടുപോയിരുന്നില്ല. പെട്ടെന്ന് തന്നെ തിരിച്ചെത്തിയ സാഹിബിനെ കണ്ട നിമിഷം മിസ്ഹബ് വീണ്ടും ശാന്തനായി ബെഡിലേക്ക് മടങ്ങി. വീണ്ടും അവസ്ഥ നിയന്ത്രണത്തിലായപ്പോൾ ഞാൻ സാഹിബിനോട് പറഞ്ഞു: ‘താങ്കൾ പോയി വരൂ, ഇനി ഞാൻ നോക്കിക്കൊള്ളാം.’ എന്നാൽ മൃദുവായി ചിരിച്ചു കൊണ്ട് അദ്ദേഹം അത് നിരസിച്ചു: ‘വേണ്ട സലാം... ഞാൻ ഇവിടെയുണ്ടാകണം. പൊയ്ക്കോളൂ.’
പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് അസുഖം ഭേദമായി മിസ്ഹബ് ആശുപത്രി വിട്ടത്. സ്വന്തം ജീവിതചുറ്റുപാടുകൾ മറന്ന്, ഒരു അപരിചിതന് താങ്ങായി നിന്ന ആ മനുഷ്യസ്നേഹി മറ്റാരുമല്ല; ജുബൈലിലെ കെ.എം.സി.സി നേതാവ് ഉസ്മാൻ ഒട്ടുമ്മൽ ആണ്. പ്രവാസത്തിെൻറ കനൽവഴികളിലും സഹജീവി സ്നേഹത്തിെൻറ തണൽ വിരിക്കുന്ന ഇത്തരം പുണ്യജന്മങ്ങൾ നമുക്ക് ചുറ്റുമുണ്ട്. നിശ്ശബ്ദമായി സേവനത്തിെൻറ സുഗന്ധം പരത്തുന്ന ആ വലിയ മനസ്സുകൾക്ക്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.