ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ഒരുക്കം വിലയിരുത്താൻ എത്തിയപ്പോൾ
മദീന: വിശുദ്ധ നഗരങ്ങളിലെത്തുന്ന തീർഥാടകർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിൽ സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് പ്രസ്താവിച്ചു. മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ഒരുക്കം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽ ഫൈസലിനൊപ്പമാണ് അദ്ദേഹം വിമാനത്താവളത്തിലെ വിവിധ വകുപ്പുകളിൽ പരിശോധന നടത്തിയത്. തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വിമാനത്താവളത്തിൽനിന്ന് താമസസ്ഥലങ്ങളിലേക്ക് അവരെ വേഗത്തിൽ എത്തിക്കുന്നതിനും നടപ്പാക്കിയ സംയോജിത പ്രവർത്തന സംവിധാനത്തെ ഗവർണർ പ്രശംസിച്ചു. വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന സ്വദേശി ജീവനക്കാരുടെ കഠിനാധ്വാനവും കാര്യക്ഷമതയും എടുത്തുപറഞ്ഞ അദ്ദേഹം, തീർഥാടകരുടെ സംതൃപ്തിയാണ് പ്രഥമ പരിഗണനയെന്നും ഓർമിപ്പിച്ചു. വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലുകളിൽ സന്ദർശനം നടത്തിയ ഗവർണർ, പാസ്പോർട്ട് വിഭാഗത്തിലെ പ്രവർത്തനങ്ങളും അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.
യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായി നടപ്പാക്കിയ നൂതനമായ പ്രവർത്തന നടപടികൾ അദ്ദേഹം വിലയിരുത്തി. ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ, കസ്റ്റംസ് കൗണ്ടറുകൾ, ഹജ്ജ്-ഉംറ മന്ത്രാലയത്തിെൻറ സേവന കേന്ദ്രങ്ങൾ, ഹെൽത്ത് സെന്റർ എന്നിവയും ഗവർണറുടെ സന്ദർശന പരിധിയിൽ ഉൾപ്പെട്ടു. തീർഥാടകരെ സ്വീകരിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന വിശാലമായ ‘ഹജ്ജ് പ്ലാസ’യിലെ സൗകര്യങ്ങളെക്കുറിച്ചും അവിടെ നൽകുന്ന സമഗ്ര സേവനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ ഗവർണർക്ക് വിശദീകരിച്ചു നൽകി. തീർഥാടകർക്ക് സമാധാനപരമായും സുരക്ഷിതമായും തങ്ങളുടെ ആരാധന കർമങ്ങൾ നിർവഹിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉറപ്പുവരുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.