സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതിനെതിരെ ദമ്മാം മീഡിയ ഫോറം നടത്തിയ പ്ലക്കാർഡ് പ്രതിഷേധം
ദമ്മാം: ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻപോയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ ദമ്മാം മീഡിയ ഫോറം ശക്തമായി പ്രതിഷേധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് മാധ്യമപ്രവർത്തനം വലിയ ഭീഷണി നേരിടുന്ന സ്ഥിതിയിലായിരിക്കുന്നു. ജനാധിപത്യത്തിെൻറ നാലാംതൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ പലപ്പോഴും പല സർക്കാറുകളും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്.
ഏതെല്ലാം വാർത്തകൾ എങ്ങനെയൊക്കെ റിപ്പോർട്ട് ചെയ്യണം എന്ന ഭരണകൂടതാൽപര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹാഥറസിൽ വാർത്താശേഖരണത്തിനെത്തിയ സിദ്ദീഖ് കാപ്പെൻറ അറസ്റ്റ്. സിദ്ദീഖ് കാപ്പന് നിയമപ്രകാരമുള്ള അവകാശങ്ങൾ അനുവദിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ കേരള പത്രപ്രവർത്തക യൂനിയൻ സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തതിനെ ദമ്മാം മീഡിയ ഫോറം സ്വാഗതം ചെയ്തു.
സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായുള്ള ഭരണകൂടങ്ങളുടെ കൈകടത്തലുകൾ അവസാനിപ്പിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. നിക്ഷിപ്ത താൽപര്യങ്ങളോടെ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതും യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ചാർത്തുന്നതും ജയിലിലടക്കുന്നതും പൊതുസമൂഹം ഗൗരവമായി കാണണമെന്നും അത്തരം പ്രവണതകൾക്കെതിരെ എല്ലാ മേഖലകളിൽനിന്നും ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും പ്രതിഷേധപ്രമേയത്തിലൂടെ മീഡിയ ഫോറം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ ആവശ്യപ്പെട്ടു. ലുഖ്മാൻ വിളത്തൂർ, ചെറിയാൻ കിടങ്ങന്നൂർ, നൗഷാദ് ഇരിക്കൂർ, സുബൈർ ഉദിനൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറമൂട്, ട്രഷറർ മുജീബ് കളത്തിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.