സാബു മേലതിൽ, നൈസി സജാദ്, അശ്വതി സുരേന്ദ്രൻ
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി ‘ഓർമയിലെ ഓണം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഭാഷയുടെ ലാളിത്യവും രചനയുടെ ഘടനയും സാഹിത്യപരമായ അവതരണങ്ങളും കൊണ്ട് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കൃതികളും പ്രശംസാർഹമാണെന്ന് സംഘാടകർ പറഞ്ഞു. പ്രവാസത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളും ഓണക്കാലത്തിന്റെ സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ച കൃതികളാണ് മത്സരത്തിന് ലഭിച്ചത്.
ഗൾഫ് മണലാരണ്യത്തിൽനിന്നും നാടിനെയും ഓണത്തെയും പഴയ ഓണക്കാല ഓർമകളെയും ഹൃദയത്തിലേറ്റി എഴുതിയ രചനകളിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുക എളുപ്പമായിരുന്നില്ലെന്ന് ജഡ്ജിങ് കമ്മിറ്റി വ്യക്തമാക്കി.
‘കണ്ണനോണം; കലയോണം’ എന്ന തലക്കെട്ടിൽ മാധ്യമ പ്രവർത്തകൻ സാബു മേലതിൽ രചിച്ച ഉപന്യാസം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓണക്കാലത്തിന്റെ ഭാവനാത്മകതയെ അനുഭവവുമായി സമന്വയിപ്പിച്ച് പുനർസൃഷ്ടിച്ച വ്യത്യസ്ത അവതരണമായിരുന്നു ഈ രചനയെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയെതന്നും വിധികർത്താക്കൾ പറഞ്ഞു. ബാല്യത്തിെൻറ മിഴിവും നാടോടി ഓണത്തിെൻറ ഓർമകളും കോർത്തിണക്കി നൈസി സജാദ് (റിയാദ്) രചിച്ച ‘ഓർമകളിലെ ഓണക്കാലം’ രണ്ടാം സ്ഥാനം നേടി. പ്രവാസ മണൽപ്പരപ്പിൽനിന്നും ജന്മനാടിന്റെ മിഴിവ് തേടുന്ന അശ്വതി സുരേന്ദ്രൻ രചിച്ച ‘മണലാരണ്യത്തിലെ ഗൃഹാതുരത’ എന്ന രചന മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാരെയും റീജനൽ കമ്മിറ്റി അഭിനന്ദിച്ചു. പ്രവാസി സമൂഹത്തിലെ സാഹിത്യ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇനിയും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി പ്രസിഡൻറ് ജംഷാദ് അലി കണ്ണൂർ അറിയിച്ചു. ഉപന്യാസ മത്സര വിഭാഗം കൺവീനർ സഈദ് ഹമദാനിയും മലയാള അധ്യാപിക ഷജില ജോഷിയും മൂല്യനിർണയ വിഭാഗത്തിൽ പങ്കെടുത്തു. ബിജു പൂതക്കുളം, ജോഷി ബാഷ, സുബൈർ പുല്ലാളൂർ, ശരീഫ് കൊച്ചി, മെഹബൂബ്, അബ്ദുല്ല എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.