2026 ഡാക്കർ റാലിയെ കുറിച്ച് സംഘാടകർ പ്രഖ്യാപിക്കുന്നു
റിയാദ്: ഏഴാമത് ഡാക്കർ റാലി 2026 ജനുവരി മൂന്ന് മുതൽ 17 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ദിവസം ജിദ്ദ കോർണിഷ് സർക്യൂട്ടിൽ നടന്ന വാർത്തസമ്മേളനത്തിലാണ് സൗദി മോട്ടോർ സ്‌പോർട്‌സ് കമ്പനി ഏഴാമത് റാലിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ, അമൗറി സ്‌പോർട്‌സ് ഓർഗനൈസേഷൻ സി.ഇ.ഒ യാൻ ലെ മോയ്‌നർ, ഡാക്കർ റാലി ഡയറക്ടർ ഡേവിഡ് കാസ്െറ്ററ എന്നിവരാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്.
ഡാക്കർ റാലിയുടെ ഓരോ പതിപ്പും അഭിലാഷത്തിന്റെയും മികവിന്റെയും അഭിമാനത്തിന്റെയും പുതിയ കഥ പറയുന്നുവെന്ന് അമീർ ഖാലിദ് ബിൻ സുൽത്താൻ പറഞ്ഞു. ഡാക്കർ റാലിയുടെ റൂട്ട് മണൽക്കൂനകൾ മുതൽ ഉയർന്ന പർവതങ്ങൾ വരെ അഭൂതപൂർവമായ രീതിയിൽ സൗദിയുടെ പ്രകൃതി വൈവിധ്യത്തിന്റെ സൗന്ദര്യത്തെ ഉൾക്കൊള്ളുന്നതായിരിക്കും.
ലോകത്തിലെ ഏറ്റവും കഠിനമായ റാലികൾക്കാണ് സൗദി എല്ലാ വർഷവും ആതിഥേയത്വം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ സൗദി ചാമ്പ്യനായ യാസീദ് അൽറാജ്ഹി വലിയ സ്വപ്നങ്ങളുമായാണ് ട്രാക്കിലിറങ്ങുന്നത്. യുവതലമുറയിലെ പുതിയ ഡ്രൈവർമാരെ പ്രചോദിപ്പിക്കുന്ന അദ്ദേഹത്തെ അമീർ ഖാലിദ് ബിൻ സുൽത്താൻ പ്രശംസിച്ചു.
ഇത്തവണ റാലിയിൽ ലോകമെമ്പാടുമുള്ള 69 രാജ്യങ്ങളിൽനിന്ന് 39 വനിതകൾ ഉൾപ്പെടെ 812 മത്സരാർഥികൾ പങ്കെടുക്കും. ഒന്നിലധികം വിഭാഗങ്ങളിലായി 433 വാഹനങ്ങളിലാണ് മത്സരം. 4840 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക ഘട്ടങ്ങൾ ഉൾപ്പെടെ മൊത്തം 7994 കിലോമീറ്റർ ദൂരത്തിലാണ് ഈ മത്സരം. ജനുവരി മൂന്നിന് ചെങ്കടൽ തീരത്തെ യാംമ്പുവിൽ ആരംഭിച്ച് അൽഉല, ഹാഇൽ, റിയാദ്, വാദി ദവാസിർ, ബിഷ, ഹനാകിയ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന റാലി 2026 ജനുവരി 17ന് യാംബുവിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.