രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം
മുംബൈ: ആഗോള എ.ഐ ഉച്ചകോടി വേദിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് മറുപടിയായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ.
2014ലെ മാനനഷ്ട കേസിൽ മുംബൈയിലെ ബീവണ്ടി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാകാനെത്തിയപ്പോഴായിരുന്നു റോഡരികിൽ കാത്തിരുന്ന ബി.ജെ.പി പ്രവർത്തകർ കരിങ്കൊടിയുമായി പാഞ്ഞടുത്തത്. മുംബൈയിൽ നിന്നും ബീവണ്ടിയിലേക്ക് യാത്ര ചെയ്യവെ രാഹുലിന്റെ വാഹനത്തിനു നേരെയായിരുന്നു പ്രതിഷേധം.
വഴിയിലും, കോടതിക്കു പുറത്തും പ്രതിഷേധം മുൻകൂട്ടികണ്ട് പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയിരുന്നു. കോടതിക്ക് പുറത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. 100 മീറ്റർ പരിധിയിൽ സ്ഥാപനങ്ങൾ അടച്ചിട്ടു. കോടതി പരിസരത്തേക്ക് മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രവേശനവും വിലക്കി.
മഹാത്മാ ഗാന്ധി വധത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായത്. 2014 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം.
കേസിൽ സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചതിനെത്തുടർന്ന് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പിൻവലിക്കുകയും വിചാരണ നേരിടാൻ സന്നദ്ധമാണെന്ന് അറിയിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് രാഹുലിനെതിരായ പ്രതിഷേധത്തിന് കാരണാമയത്. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടി ഷർട്ടൂരി പ്രതിഷേധിച്ചത്. ഇത് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.