ജിദ്ദ: കോവിഡ് നിയന്ത്രണം ലംഘിക്കുന്നതിനെതിരെ വീണ്ടും ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. അനുവദിക്കപ്പെട്ട എണ്ണത്തെക്കാൾ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടുകയോ അത്തരം സംഗമങ്ങൾക്ക് ക്ഷണിക്കുകയോ ചെയ്താൽ ശിക്ഷ ലഭിക്കും. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും 5000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. വീണ്ടും നിയമലംഘനം ആവർത്തിച്ചാൽ കൂടുതൽ നിയമ നടപടികൾക്കായി വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യം 40,000 റിയാൽ ആയിരിക്കും പിഴ. ലംഘനം ആവർത്തിക്കുന്നതിലൂടെ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങൾ നിയമലംഘനം ആവർത്തിച്ചാൽ കൂടുതൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യും. സ്വകാര്യ സ്ഥാപനമാണെങ്കിൽ ആദ്യമായി ലംഘനം നടത്തിയാൽ മൂന്നു മാസത്തേക്കും ആവർത്തിച്ചാൽ ആറു മാസത്തേക്കും അടച്ചുപൂട്ടും. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ റിയാദ്, മക്ക എന്നിവിടങ്ങളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
ജനുവരി 10 മുതൽ 16 വരെ കാലയളവിൽ ഇത്തരം നിയമലംഘനം നടത്തിയ 20,502 പേരെ പിടികൂടി. മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് പ്രകാരം 7422 കേസുമായി റിയാദ് മേഖലയിലാണ് കൂടുതൽ. മക്ക മേഖല 2871, അൽ ഖസീം 2178, കിഴക്കൻ പ്രവിശ്യ 2132, മദീന 1898, അൽജൗഫ് 1354, അൽബഹ 897, തബൂക്ക് 477, ഹാഇൽ 427, അസീർ 367, വടക്കൻ അതിർത്തി പ്രദേശം 272, ജിസാൻ 123, നജ്റാൻ 84 എന്നിങ്ങനെയാണ് ഈ കാലയളവിലെ എണ്ണം.+
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.