ഒ.ഐ.സി.സി നേതാക്കളോടൊപ്പം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ദമ്മാമിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.
ദമ്മാം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കുന്നുവെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കോൺഗ്രസ് വക്താവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജ്യോതികുമാർ ചാമക്കാല പറഞ്ഞു. ഒ.ഐ.സി.സി ഈസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച 'അമൃതം 2025' പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ദമ്മാമിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. 1999-ൽ ഒരിക്കൽ സ്വർണ്ണം പൂശിയ ദ്വാരപാലക പ്രതിമകളെ സ്വർണ്ണം പൂശാനെന്ന പേരിൽ 2019-ൽ വീണ്ടും ആരെയും അറിയിക്കാതെ മദ്രാസിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ട്. അതിനു ശേഷം 39 ദിവസം കഴിഞ്ഞാണ് പ്രതിമകൾ അവിടെ എത്തിച്ചത്. ചെന്നൈയിൽ എത്തിക്കുന്നതിന് മുമ്പ് അവ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി എന്ന സാക്ഷിമൊഴികളും ഉണ്ട്. ഈ സംഭവവികാസങ്ങൾ മുഴുവൻ വിശദമായ അന്വേഷണം ആവശ്യപ്പെടുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണ്ണം പൂശൽ നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി എന്ന വ്യക്തിയാണ് എന്ന് പറയപ്പെടുന്നു. എന്നാൽ അദ്ദേഹം ആരാണ്, എന്താണ് അദ്ദേഹത്തിന്റെ അധികാരപരിധി എന്നൊന്നും ദേവസ്വം ബോർഡിനും സർക്കാരിനും അറിയില്ല. ഇതിന്റെ മുഴുവൻ പശ്ചാത്തലവും പൊതുസമൂഹം അറിയേണ്ടതാണ്. സി.പി.എം സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം മതത്തിന്റെ മറവിൽ രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിടുന്ന ശ്രമം മാത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. ശബരിമലയിൽ 2018 വിധി വന്നപ്പോൾ എന്തായിരുന്നു ഇടതുമുന്നണി നിലപാട്. ഇപ്പോ ന്യൂനപക്ഷ പ്രീണനം മതിയാക്കി ഭൂരിപക്ഷ പ്രീണനം നടത്തുകയാണ് സി.പി.എം. ശബരിമല വിഷയത്തിലെങ്കിലും പൊതു സമൂഹത്തോട് മാപ്പ് പറയാൻ സർക്കാർ തയ്യാറാവണം. വിശ്വാസികൾക്ക് എതിരായുള്ള കേസുകളും സുപ്രീം കോടതിയിൽ കൊടുത്തിട്ടുള്ള സത്യവാങ്മൂലവും പിൻവലിക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരം ഇരട്ടത്താപ്പുകളെല്ലാം വരുന്ന തിരഞ്ഞെടുപ്പിൽ ചർച്ചയാകും.
സാമൂഹ്യ സുരക്ഷാ പദ്ധതി കഴിഞ്ഞ ബഡ്ജറ്റിൽ പോലും വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഉച്ചക്കഞ്ഞി വിതരണം ചെയ്ത അധ്യാപകർക്കോ, അവ പാചകം ചെയ്ത ജീവനക്കർക്കോ, ക്ഷേമ നിധിയിൽ അംശദായം അടച്ചവർ പെൻഷൻ ആവുമ്പോൾ അത് പോലും കൊടുക്കാൻ കഴിയാത്ത സർക്കാരാണ് പ്രവാസി ഇഷുറൻസ് നടപ്പാക്കും എന്ന് പറയുന്നത്. രാജ്യത്ത് ജനാധിപത്യം തട്ടിയെടുത്ത് പോകുന്ന സാഹചര്യമാണിപ്പോൾ. രാഹുൽ ഗാന്ധിയുടെ ജനസമ്പർക്ക യാത്രകൾ രാജ്യത്തിന് പ്രത്യാശയും പുതുജീവനും നൽകുന്ന ഒന്നാണ്. കേരളത്തിലുടനീളം രാഹുൽ ഗാന്ധിയുടെ പര്യടനം ഉടനുണ്ടാകും. തീയതിയും മറ്റും വൈകാതെ തീരുമാനിക്കും. ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യങ്ങൾ അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് ശക്തമായി രംഗത്ത് വരുമെന്നും ജനങ്ങൾ ഭരണമാറ്റത്തിന് തയ്യാറെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല, ഈസ്റ്റേൻ പ്രൊവിൻസ് പ്രസിഡൻ്റ് ഇ.കെ സലിം, കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഹ്‌മദ് പുളിക്കൽ, ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, ഒ.ഐ.സി.സി ദമ്മാം കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് റാവുത്തർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.