ഡൽഹിയിലേക്കു മടങ്ങുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോമേഴ്സ് വിഭാഗം കോണ്‍സല്‍ ഹംന മറിയത്തിന് ഗുഡ്വില് ഗ്ലോബല്‍ ഇനീഷ്യേറ്റിവ് ഉപഹാരം ഹസൻ ചെറൂപ്പ കൈമാറിയപ്പോൾ
ജിദ്ദ: മൂന്നു വർഷത്തെ കാലാവധി പൂര്‍ത്തിയാക്കിയശേഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോമേഴ്സ് കോണ്‍സലും ഹെഡ് ഓഫ് ചാന്‍സറിയുമായ ഹംന മറിയം ഡൽഹിയിലേക്കു മടങ്ങുന്നു. പാരിസ് ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിച്ചശേഷം, 2019 ഡിസംബര്‍ പത്തിനാണ് മലയാളിയായ ഹംന മറിയം ജിദ്ദയില്‍ കമ്യൂണിറ്റി വെൽഫെയര്‍ കോണ്‍സലായി ചുമതലയേറ്റത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രഥമ വനിത ഐ.എഫ്.എസ് ഓഫിസറായിരുന്നു ഹംന മറിയം. ഡല്‍ഹിയിലെ രാംജാസ് കോളജില്‍ പഠിച്ച ഹംന, കോഴിക്കോട് ഫാറൂഖ് കോളജില്‍ അസി. പ്രഫസറും ഇംഗ്ലീഷ് അധ്യാപികയുമായിരിക്കെ 28ാം റാങ്കുകാരിയായി രണ്ടു കൊല്ലം മുമ്പാണ് വിദേശകാര്യ സര്‍വിസിലെത്തിയത്. അഖിലേന്ത്യ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 28ാം റാങ്കുമായി ഐ.എഫ്.എസ് നേടി. കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ട് ഡോ. ടി.പി. അഷ്റഫിന്റെയും ഫിസിയോളജിസ്റ്റ് ഡോ. പി.വി. ജൗഹറയുടെയും മകളാണ്. ഹൈദരാബാദ് സ്വദേശിയായ ഐ.എ.എസ് ഓഫിസര്‍ അബ്ദുല്‍ മുസമ്മില്‍ ഖാനാണ് ഭര്‍ത്താവ്. ജിദ്ദ വിടുന്ന ഹംന ഡല്‍ഹി വിദേശ മന്ത്രാലയ ആസ്ഥാനത്ത് ചുമതലയേല്‍ക്കും.
10 ലക്ഷത്തോളം ഇന്ത്യക്കാരുള്ള സൗദി പടിഞ്ഞാറന്‍ പ്രവിശ്യയിലെ സേവനകാലം ഏറെ അനുഭൂതിദായകവും ആഹ്ലാദകരവുമായിരുന്നെന്ന് ഹംന മറിയം പറഞ്ഞു. ഇന്ത്യയിലേക്കു മടങ്ങുന്ന കോൺസൽ ഹംന മറിയത്തിന് ജിദ്ദ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) യാത്രയയപ്പ് നല്കി. ജി.ജി.ഐയുടെ ഉപഹാരം പ്രസിഡന്റ് ഹസന് ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ഇബ്രാഹിം ശംനാട്, സെക്രട്ടറി കബീര്‍ കൊണ്ടോട്ടി എന്നിവര്‍ ചേര്‍ന്ന് ഹംനക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.