ജിദ്ദ: കോഴിക്കോടൻ ഭാഷാചാതുരികൊണ്ട് ശ്രദ്ധേയനായ കോഴിക്കോട്ടുകാരുടെ സ്വന്തം ചലച്ചിത്ര താരം മാമുക്കോയയുടെ വിയോഗത്തിൽ കോഴിക്കോട് ജില്ല ഫോറവും കാലിക്കറ്റ് മ്യൂസിക് ലവേഴ്സും അനുശോചിച്ചു.തനതു ശൈലിയിലൂടെ ഇന്ത്യൻ സിനിമ കീഴടക്കിയ വ്യക്തിയാണ് മാമുക്കോയയെന്നും ഹാസ്യനടൻ എന്നതിലുപരി ഒരു നല്ല നടനായിരുന്നുവെന്നും അദ്ദേഹത്തിന് ലഭിച്ച കേരള സംസ്ഥാന അവാർഡ് അത് വ്യക്തമാക്കുന്നതായും അനുശോചന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു.
ഒരു മരംമുറിക്കാരനിൽനിന്ന് മലയാളത്തിൽ എണ്ണം പറഞ്ഞ ഹാസ്യ ചലച്ചിത്ര താരമാവാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ കലയോടുള്ള ആഭിമുഖ്യം കൊണ്ടാണെന്ന് യോഗം നിയന്ത്രിച്ച പ്രസിഡന്റ് ഹിഫ്സുറഹ്മാൻ പറഞ്ഞു. ചെറുപ്പകാലത്ത് ഒരു കുടുംബംപോലെ കഴിഞ്ഞ ഓർമകൾ അദ്ദേഹം പങ്കുവെച്ചു.
മാമുക്കോയയുടെ ചെറുപ്പത്തിൽ വൈക്കം മുഹമ്മദ് ബഷീറുമായുണ്ടായ വിട്ടുപിരിയാത്ത സൗഹൃദം ഓർമിച്ചെടുത്ത് തനതായ ശൈലിയിൽ അവതരിപ്പിച്ച നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാടിന്റെ വാക്കുകൾ കണ്ണുകളെ ഈറനണിയിച്ചു.
അനുശോചനത്തോടൊപ്പം മാമുക്കോയയുടെയും കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് തബലിസ്റ്റ് ഷാജഹാന് ബാബുവിന്റെ മാതാവിന്റെയും അർഷാദ് ഫറോക്കിന്റെ പിതാവിന്റെയും മയ്യിത്ത് നമസ്കാരവും നടത്തുകയുണ്ടായി. മൻസൂർ ഫറോക്ക്, യൂസഫ് ഹാജി എന്നിവർ അനുഭവം പങ്കുവെച്ചു.അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി സ്വാഗതവും അനിൽ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.